യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില കുറയും, ജാഗ്രതാ നിർദ്ദേശം
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. ആകാശം ഭാഗികമായോ പൂർണ്ണമായോ മേഘാവൃതമായിരിക്കുമെന്നും പ്രത്യേകിച്ച് കിഴക്കൻ, തെക്കൻ മേഖലകളിൽ നേരിയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മഴയ്‌ക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുറയാനും സാധ്യതയുണ്ട്.
ദുബായിലും അബുദാബിയിലും കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസ് വരെയാകാനും പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. എന്നാൽ ചില ഉൾനാടൻ പ്രദേശങ്ങളിൽ താപനില 34 ഡിഗ്രി വരെ ഉയർന്നേക്കാം. ഇന്ന് രാത്രിയിലും നാളെ (ചൊവ്വാഴ്ച) രാവിലെയുമായി തീരപ്രദേശങ്ങളിലും ഉൾനാടുകളിലും ഈർപ്പം കൂടുതലായിരിക്കും. ചിലയിടങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വേഗതയിൽ തെക്കുകിഴക്കൻ ദിശയിൽ നിന്ന് കാറ്റ് വീശുമെങ്കിലും, ചില സമയങ്ങളിൽ ഇത് 40 കിലോമീറ്റർ വരെ വേഗത പ്രാപിക്കാൻ സാധ്യതയുണ്ട്. പൊടിപടലങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ ശ്രദ്ധിക്കണം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും തിരമാലകൾ സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
