ഒമാനിൽ ഇന്നും മഴ തുടരും; ഇടിമിന്നലിനും മലവെള്ളപ്പാച്ചിലിനും സാധ്യത
ഒമാനിൽ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം തെക്കൻ ബാത്തിന ഗവർണറേറ്റിലാണ് ശക്തമായ മഴ ലഭിച്ചത്. വരും മണിക്കൂറുകളിൽ ഹജർ മലനിരകളിലും സമീപ പ്രദേശങ്ങളിലുമാണ് മഴ ശക്തമാകാൻ സാധ്യതയുള്ളത്.
മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ റോഡുകളിലെ കാഴ്ചപരിധി കുറയാൻ ഇടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കനത്ത മഴയെ തുടർന്ന് വാദികളും താഴ്ന്ന പ്രദേശങ്ങളും മലവെള്ളപ്പാച്ചിലിന് ഇരയാകാൻ സാധ്യതയുണ്ട്.
അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും വാഹനമോടിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.
