സൗദിയിൽ ഇന്ന് ഉച്ചവരെ മഴ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

  1. Home
  2. International

സൗദിയിൽ ഇന്ന് ഉച്ചവരെ മഴ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

saudi


സൗദി അറേബ്യയിലെ റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ഉൾപ്പെടെ ഇന്ന് ഉച്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നലെ രാത്രി ആരംഭിച്ച മഴയെ തുടർന്ന് പല ഭാഗത്തും ഗതാഗതം താറുമാറായ സ്ഥിതിയാണ്. ഖസീം, ഹാഇൽ പ്രവിശ്യകളിലും അസീറിലും മഴ ഇപ്പോഴും തുടരുകയാണ്. മഴ ശക്തമായതിനെ തുടർന്ന് പല ഭാഗത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

മഴ മുന്നറിയിപ്പ് ലംഘിച്ച് വെള്ളക്കെട്ടിലേക്ക് പ്രവേശിച്ച വാഹനങ്ങൾ ഒലിച്ചുപോയ സംഭവങ്ങളുണ്ടായി. അപകടത്തിൽ പെട്ട വാഹനങ്ങളിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്തുകയും ചെയ്തു. അൽപ നേരം മാത്രം പെയ്താൽ പോലും പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. റിയാദിലെ ഖർജ് റോഡിലും നിരവധി വാഹനങ്ങൾ മുങ്ങി. ഇടവിട്ടുള്ളാണ് മഴ പെയ്യുന്നത്.

ഇന്നലെയും ഇന്ന് രാവിലെയും റിയാദിൽ ഗതാഗതം താറുമാറായിരുന്നു. ഇന്ന് ഉച്ചവരെ റിയാദ്, കിഴക്കൻ പ്രവിശ്യ, ഹാഇൽ, ഖസീം, അസീർ, ജിസാൻ മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റിയാദിലും കിഴക്കൻ പ്രവിശ്യയിലും രാത്രിയോടെ സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റിയിരുന്നു. വാരാന്ത്യം അടുത്ത സാഹചര്യത്തിൽ റിയാദ്-ഖസീം-മദീന-കിഴക്കൻ പ്രവിശ്യാ ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ മഴ ലഭിച്ച മക്ക പ്രവിശ്യയിലെ പല ഭാഗത്തും നിലവിൽ പച്ചപ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്.