യു.എ.ഇയിൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; പൊടിപടലങ്ങൾക്കും സാധ്യത
യു.എ.ഇയിലെ ചില പ്രദേശങ്ങളിൽ വ്യാഴാഴ്ച വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാജ്യത്തിന്റെ കിഴക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയ്ക്ക് ശേഷം പെയ്യുന്ന മഴ ഉൾപ്രദേശങ്ങളിലേക്ക് വ്യാപിച്ചേക്കും. ഫുജൈറയിലെ ഷെയ്ഖ് ഖലീഫ സ്ട്രീറ്റ്, മസാഫി, ഷറഫിയ്യ മേഖലയിലെ ശൗഖ ഉൾപ്പെടെയുള്ള ഇടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചിരുന്നു.
ഇന്ന് രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കിഴക്കൻ, തെക്കൻ മേഖലകളിൽ വീണ്ടും മഴമേഘങ്ങൾ രൂപപ്പെടാനും അത് ഉൾപ്രദേശങ്ങളിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. ബുധനാഴ്ചയും വ്യാഴാഴ്ചയും സമാനമായ കാലാവസ്ഥ തുടരും.
വടക്ക്-കിഴക്കൻ, തെക്ക്-കിഴക്കൻ കാറ്റ് ശക്തമാകാനും (മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ) തുറസ്സായ സ്ഥലങ്ങളിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
