കുവൈത്തിൽ മഴ മുന്നറിയിപ്പ്; വാരാന്ത്യത്തിൽ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യത
കുവൈത്തിൽ വാരാന്ത്യത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് വൈകുന്നേരം മുതൽ ആരംഭിക്കുന്ന മഴ ഞായറാഴ്ച രാവിലെ വരെ ഇടവിട്ട് തുടരാനാണ് സാധ്യത. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ചിലയിടങ്ങളിൽ പൊടിക്കാറ്റും ഉണ്ടായേക്കാമെന്നും അധികൃതർ വ്യക്തമാക്കി.
ക്യൂമുലസ് മേഘങ്ങൾ രൂപപ്പെടുന്നത് മഴയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നുവെന്ന് കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധിരാർ അൽ അലി അറിയിച്ചു. ഇന്ന് രാത്രിയോടെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ട്. തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വാഹനയാത്രികർ ജാഗ്രത പാലിക്കണം.
പകൽ സമയത്ത് ചൂടും ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. രാത്രിയിൽ താപനില മിതമാകുമെങ്കിലും മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യതയുണ്ട്. ശനിയാഴ്ചയും മഴ തുടരുമെന്നാണ് പ്രവചനം. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് കടലിൽ പോകുന്നവരും വിനോദയാത്രകൾ പ്ലാൻ ചെയ്യുന്നവരും മുൻകരുതൽ സ്വീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
