സൗദിയിലെ വിവിധ പ്രവിശ്യകളിൽ മഴ മുന്നറിയിപ്പ്; മക്കയിലും മദീനയിലും ശക്തമായ പൊടിക്കാറ്റിന് സാധ്യത
സൗദി അറേബ്യയിലെ ജിസാൻ, അസീർ, അൽ ബാഹ മേഖലകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ പ്രവചനത്തിൽ പറയുന്നു.
അതേസമയം, മക്ക, മദീന പ്രവിശ്യകളിൽ പൊടിപടലങ്ങൾ നിറഞ്ഞ ശക്തമായ കാറ്റ് തുടരാൻ സാധ്യതയുണ്ട്. ജിസാനിലേക്കുള്ള തീരദേശ റോഡുകളിൽ ദൃശ്യപരത (Visibility) വൻതോതിൽ കുറയാൻ ഇത് കാരണമാകുമെന്നതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ചെങ്കടലിൽ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നുള്ള ഉപരിതല കാറ്റിന്റെ വേഗത മണിക്കൂറിൽ 20 മുതൽ 45 കിലോമീറ്റർ വരെയായിരിക്കുമെന്നും, തെക്കൻ ഭാഗങ്ങളിൽ ഇത് 50 കിലോമീറ്റർ വരെയായി ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
