റമദാൻ; മസ്ജിദുൽ ഹറമിലേക്കുള്ള റോഡുകൾ ഉപയോഗിച്ചത് 28 ലക്ഷം വാഹനങ്ങൾ
വിശുദ്ധ റമദാൻ മാസത്തിന്റെ ആദ്യ 28 ദിവസങ്ങളിൽ മക്കയിലെ മസ്ജിദുൽ ഹറമിലേക്കുള്ള വിവിധ റോഡുകളിലൂടെ 27.9 ലക്ഷത്തിലധികം വാഹനങ്ങൾ കടന്നുപോയതായി സൗദി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ് വെളിപ്പെടുത്തി. തീർഥാടകരുടെ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെട്ട ഈ സമയത്ത് ഗതാഗതം സുഗമമാക്കാൻ വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയത്. പ്രതിദിനം ശരാശരി 1,06,000 വാഹനങ്ങളാണ് ഹറം പരിസരത്തെ റോഡുകളിലൂടെ സഞ്ചരിച്ചത്.
റമദാൻ 16-നാണ് ഈ വർഷം ഏറ്റവും കൂടുതൽ വാഹനത്തിരക്ക് രേഖപ്പെടുത്തിയത്. അന്ന് മാത്രം ഏകദേശം 1,26,000 വാഹനങ്ങൾ മക്കയിലെത്തി. മക്ക, മദീന മേഖലകളിലെയും ഇരു ഹറമുകളെയും ബന്ധിപ്പിക്കുന്നതുമായ 16,000 കിലോമീറ്ററിലധികം ദൈർഘ്യമുള്ള റോഡ് ശൃംഖലകൾ മുൻകൂട്ടി പരിശോധിച്ച് സജ്ജമാക്കിയത് തിരക്ക് നിയന്ത്രിക്കാൻ ഏറെ സഹായിച്ചു.
അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള റോഡ് അറ്റകുറ്റപ്പണികൾ, കർശനമായ ട്രാഫിക് സുരക്ഷാ മാനദണ്ഡങ്ങൾ, നിരന്തരമായ നിരീക്ഷണം എന്നിവയിലൂടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അധികൃതർക്ക് സാധിച്ചു. തീർഥാടകർക്ക് സുഗമമായ യാത്ര ഉറപ്പാക്കാൻ സന്നദ്ധസേവകരും സുരക്ഷാ ഉദ്യോഗസ്ഥരും റോഡുകളിൽ സജീവമായിരുന്നു.
