മലിനജലത്തിൽ അപൂർവ ഫംഗസ് കണ്ടെത്തി; ആന്റിഫംഗൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷി
അബൂദബിയിൽ മലിനജലത്തിൽ അതീവ അപകടകാരിയായ അപൂർവ ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തി. അബൂദബി ക്വാളിറ്റി ആന്റ് കൺഫോർമിറ്റി കൗൺസിലിന്റെ സെൻട്രൽ ടെസ്റ്റിങ് ലബോറട്ടറിയും M42-ഉം സംയുക്തമായി നടത്തിയ മലിനജല നിരീക്ഷണ സംവിധാനത്തിലൂടെയാണ് ഫംഗസിന്റെ ജനിതക സാന്നിധ്യം തിരിച്ചറിഞ്ഞത്. ആന്റിഫംഗൽ മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള 'കാൻഡിഡ ഓറിസ്' (Candida auris) എന്ന ഫംഗസിന്റെ പുതിയൊരു ജനിതക ശാഖയെയാണ് (Clade) ഗവേഷകർ വേർതിരിച്ചെടുത്തത്.
വിവിധതരം ആന്റിഫംഗൽ ഔഷധങ്ങളെ പ്രതിരോധിക്കാനുള്ള അതിതീവ്ര ശേഷിയും, ആശുപത്രികൾ ഉൾപ്പെടെയുള്ള ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളിൽ പടർന്നുപിടിച്ചാൽ നിയന്ത്രിക്കാനുള്ള പ്രയാസവും കാരണം 'കാൻഡിഡ ഓറിസ്' ആഗോളതലത്തിൽ വലിയ ആശങ്കയുയർത്തുന്നുണ്ട്.
ലോക ആരോഗ്യ സംഘടന (WHO) അതീവ ജാഗ്രത വേണ്ട രോഗകാരികളുടെ മുൻഗണനാ പട്ടികയിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, രോഗപ്രതിരോധ പ്രതിസന്ധികൾ നേരത്തെ തിരിച്ചറിയാനും മുൻകരുതലുകൾ സ്വീകരിക്കാനും ഇത്തരം മലിനജല നിരീക്ഷണ സംവിധാനങ്ങൾ ഏറെ സഹായകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
