രാഷ്ട്രപതിയിൽ നിന്ന് അധികാരപത്രം ഏറ്റുവാങ്ങി; ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ഉടൻ ചുമതലയേൽക്കും

  1. Home
  2. International

രാഷ്ട്രപതിയിൽ നിന്ന് അധികാരപത്രം ഏറ്റുവാങ്ങി; ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ ഉടൻ ചുമതലയേൽക്കും

prasant pise


ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ പ്രശാന്ത് പിസെ മസ്കത്തിൽ ചുമതലയേൽക്കുന്നതിന് മുന്നോടിയായുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് അദ്ദേഹം ഔദ്യോഗിക അധികാരപത്രം (ലെറ്റർ ഓഫ് ക്രെഡൻസ്) ഏറ്റുവാങ്ങി. ഒമാനിലേക്കുള്ള നയതന്ത്ര ചുമതല ഔദ്യോഗികമായി കൈമാറിക്കൊണ്ടുള്ള അധികാരപത്രം രാഷ്ട്രപതി കൈമാറിയതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു.

2024 മുതൽ മസ്കത്തിലെ ഇന്ത്യൻ അംബാസഡറായിരുന്ന ജി.വി. ശ്രീനിവാസിന് പകരക്കാരനായി കഴിഞ്ഞ മേയ് 11-നാണ് പ്രശാന്ത് പിസെയെ നിയമിച്ചത്. 1995 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് (IFS) ഉദ്യോഗസ്ഥനായ പിസെയ്ക്ക് പശ്ചിമേഷ്യൻ, യൂറോപ്യൻ കാര്യങ്ങളിൽ 30 വർഷത്തിലേറെ നയതന്ത്ര പ്രവർത്തന പരിചയമുണ്ട്.

പുതിയ നിയമനത്തിന് തൊട്ടുമുമ്പ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ കുടിയേറ്റ നയങ്ങളും പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൈകാര്യം ചെയ്യുന്ന അഡീഷണൽ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഇതിന് മുൻപ് ഇറാഖിലെ ഇന്ത്യൻ അംബാസഡറായും ഈജിപ്ത്, ലിബിയ, ടുണീഷ്യ, ജപ്പാൻ, മൗറീഷ്യസ്, യുകെ എന്നിവിടങ്ങളിലും അദ്ദേഹം വിവിധ നയതന്ത്ര ചുമതലകൾ വിജയകരമായി നിർവ്വഹിച്ചിട്ടുണ്ട്.