അശ്രദ്ധമായ ഡ്രൈവിങ്; വാഹനം പിടികൂടി, 50,000 ദിർഹം പിഴ ചുമത്തി ദുബൈ പൊലീസ്
അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവറെ പിടികൂടി ദുബൈ പൊലീസ്.ഏഷ്യൻ ഡ്രൈവറാണ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. വാഹനം കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.വാഹനം തിരികെ ലഭിക്കാൻ 50,000 ദിർഹം പിഴ അടയ്‌ക്കേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി. പെട്ടെന്നുള്ള ലൈൻ മാറ്റം, വാഹനങ്ങൾ തമ്മിലുള്ള സുരക്ഷിത അകലം പാലിക്കാതിരിക്കുക, റോഡ് ഷോൾഡർ വഴി ഓവർടേക്ക് ചെയ്യുക തുടങ്ങിയ ഗുരുതര നിയമലംഘനങ്ങളാണ് ഇയാൾ ചെയ്തതെന്ന് കണ്ടെത്തി.ഇത്തരം പ്രവൃത്തികൾ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും മറ്റു ഡ്രൈവർമാർക്ക് പ്രതികരിക്കാൻ സമയം ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും ദുബൈ ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി. അടിയന്തര വാഹനങ്ങൾക്കായി മാത്രം ഉപയോഗിക്കേണ്ട റോഡ് ഷോൾഡർ വഴിയുള്ള യാത്ര അതീവ ഗുരുതര നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.
