മസ്‌കത്ത് റോയൽ ഹോസ്പിറ്റലിൽ അലക്ഷ്യമായ പാർക്കിങ്ങിന് പിടിവീഴും; 15 റിയാൽ പിഴ
മസ്‌കത്തിലെ റോയൽ ഹോസ്പിറ്റൽ പരിസരത്ത് വാഹനം അലക്ഷ്യമായി പാർക്ക് ചെയ്യുന്നവർക്കെതിരെ കർശന നടപടിയുമായി അധികൃതർ രംഗത്ത്. നിശ്ചിത പാർക്കിങ് ഏരിയകൾ അല്ലാതെ വാഹനങ്ങൾ നിർത്തിയിടുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 15 റിയാൽ പിഴ ഈടാക്കുമെന്ന് ആശുപത്രി അധികൃതർ മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങളിൽ എത്തുന്ന രോഗികൾക്കും ആംബുലൻസുകൾക്കും തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടി. ആശുപത്രിക്ക് ചുറ്റുമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും സന്ദർശകർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വാഹന പാർക്കിങ്ങിനായി സന്ദർശകർക്ക് സുരക്ഷിതമായ മറ്റൊരു സംവിധാനവും അധികൃതർ ഒരുക്കിയിട്ടുണ്ട്. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിലെ വിശാലമായ സൗജന്യ പാർക്കിങ് ഏരിയ സന്ദർശകർക്ക് പ്രയോജനപ്പെടുത്താം. അവിടെ നിന്ന് റോയൽ ഹോസ്പിറ്റലിലേക്ക് കൃത്യമായ ഇടവേളകളിൽ സൗജന്യ ഷട്ടിൽ ബസ് സർവീസും ലഭ്യമാണ്. ആശുപത്രി കെട്ടിടങ്ങൾക്ക് സമീപം പാർക്കിങ്ങിനായി സമയം പാഴാക്കാതെയും പിഴ ഒഴിവാക്കിയും ഈ സേവനം പരമാവധി ഉപയോഗിക്കാൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഗതാഗത ക്രമീകരണം കാര്യക്ഷമമാക്കുന്നതിലൂടെ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ഉൾപ്പെടെ കൂടുതൽ വേഗത്തിൽ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
