റമദാൻ നാലാം ദിനത്തിൽ റെക്കോർഡ് ഉംറ തീർഥാടനം; എത്തിയത് 9.04 ലക്ഷം പേർ

  1. Home
  2. International

റമദാൻ നാലാം ദിനത്തിൽ റെക്കോർഡ് ഉംറ തീർഥാടനം; എത്തിയത് 9.04 ലക്ഷം പേർ

mecca


റമദാൻ നാലാം ദിനമായ ഫെബ്രുവരി 21 ശനിയാഴ്ച ഉംറ നിർവഹിക്കാൻ എത്തിയത് ഒമ്പത് ലക്ഷത്തിലധികം തീർഥാടകർ. 9.04 ലക്ഷം പേർ ഉംറ നിർവഹിച്ചതായാണ് ഇരു ഹറം കാര്യാലയം വ്യക്തമാക്കിയത്. 2025 മാർച്ച് 7-ന് എത്തിയ അഞ്ച് ലക്ഷം തീർഥാടകരുടെ റെക്കോർഡാണ് ഇതോടെ മറികടന്നത്. തീർഥാടകരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുന്ന സാഹചര്യത്തിൽ ഹറമിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് സൗദി അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്.

തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഅബക്ക് ചുറ്റുമുള്ള മതാഫ് ഏരിയ ഉംറ നിർവഹിക്കുന്നവർക്ക് മാത്രമായി നീക്കിവച്ചിട്ടുണ്ട്. റമദാനിലെ അവസാന പത്ത് ദിവസങ്ങളിലും വെള്ളിയാഴ്ചകളിലും പ്രാർഥനാ സ്ഥലങ്ങൾ വേഗത്തിൽ നിറയാൻ സാധ്യതയുള്ളതിനാൽ ലഭ്യമായ ഇടങ്ങളിലേക്ക് നീങ്ങണമെന്ന് അധികൃതർ നിർദേശിച്ചു. പള്ളിയിലേക്കുള്ള പ്രവേശനം ദിശാസൂചനകൾ പാലിച്ചായിരിക്കണം. നടപ്പാതകളിലും റോഡുകളിലും ഒത്തുകൂടുന്നത് നിരോധിച്ചിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കാൽനടയാത്രക്കാർക്കായി മാത്രമുള്ള പ്രത്യേക പാതകളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 14 നിയുക്ത പാർക്കിങ് ഏരിയകളിൽ നിന്നും പൊതു ബസുകൾ വഴിയാണ് തീർഥാടകർക്കായി യാത്രാസൗകര്യം ഒരുക്കിയിരിക്കുന്നത്. ഹറമിന് ചുറ്റുമായി ഒമ്പതും അവിടേക്കുള്ള റോഡുകളിൽ അഞ്ചും പാർക്കിങ് ഏരിയകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തീർഥാടകരുടെ സുരക്ഷയ്ക്കും സുഗമമായ ദർശനത്തിനുമായി വൻതോതിലുള്ള സന്നദ്ധ പ്രവർത്തകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അധികൃതർ വിന്യസിച്ചിട്ടുണ്ട്.