ഖരീഫ് സീസണിൽ റെക്കോർഡ് സന്ദർശകർ; എണ്ണം 11 ലക്ഷം കവിഞ്ഞു

  1. Home
  2. International

ഖരീഫ് സീസണിൽ റെക്കോർഡ് സന്ദർശകർ; എണ്ണം 11 ലക്ഷം കവിഞ്ഞു

khareef season


ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ ഖരീഫ് സീസൺ ആസ്വദിക്കാൻ എത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ്. ജൂൺ 21 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ 11,16,051 സന്ദർശകരാണ് ദോഫാറിലെത്തിയത്. ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 8.6 ശതമാനത്തിന്റെ വർധനവുണ്ടായി. 2025-ൽ ഇതേ കാലയളവിൽ 10,27,255 പേരായിരുന്നു എത്തിയിരുന്നത്.

സന്ദർശകരിൽ ഭൂരിഭാഗവും (73.2 ശതമാനം) ഒമാൻ സ്വദേശികളാണ്. ജി.സി.സി രാജ്യങ്ങളിൽ നിന്ന് 1,83,861 പേരും മറ്റ് വിദേശരാജ്യങ്ങളിൽ നിന്നായി 1,15,471 സഞ്ചാരികളും സലാലയും പരിസരപ്രദേശങ്ങളും സന്ദർശിച്ചു. റോഡ് മാർഗം എത്തിയവരാണ് കൂടുതൽ; 8,31,384 പേർ റോഡ് മാർഗവും 2,84,667 പേർ വിമാനമാർഗ്ഗവുമാണ് ദോഫാറിലെത്തിയത്. റോഡ് മാർഗം വന്നവരുടെ എണ്ണത്തിൽ 7.6 ശതമാനത്തിന്റെ വർധനവുണ്ട്.

സീസണിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ഓഗസ്റ്റ് മാസത്തിലാണ്. ആകെ സന്ദർശകരുടെ 57.7 ശതമാനവും (6,43,602 പേർ) ഓഗസ്റ്റ് 1 മുതൽ 31 വരെയുള്ള ദിവസങ്ങളിലാണ് മേഖല സന്ദർശിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.