രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാൻ വിസമ്മതിച്ചു; ബ്രസീലിൽ എക്സ് നിരോധിച്ചു
എക്സ് നിരോധിച്ച് ബ്രസീൽ. രാജ്യത്ത് നിയമപ്രതിനിധിയെ നിയമിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സുപ്രീംകോടതി ജസ്റ്റിസ് അലക്സാൻഡ്രെ ഡി മോറസാണ് നിരോധനമേർപ്പെടുത്തിയുള്ള ഉത്തരവിട്ടത്. രാജ്യത്ത് പുതിയ നിയമ പ്രതിനിധിയെ നിയമിക്കാൻ എക്സിന് സുപ്രീംകോടതി അനുവദിച്ച സമയം വ്യാഴാഴ്ച അവസാനിച്ചിരുന്നു. പിന്നാലെയാണ് നിരോധനം. ശനിയാഴ്ച പുലർച്ചെ മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു.
മാസങ്ങളായി എക്സ് സിഇഒ ഇലോൺ മസ്കും ബ്രസീൽ സുപ്രീംകോടതിയും തമ്മിൽ തർക്കം നടക്കുകയാണ്. 2022 ലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യ വോട്ടിങ് സമ്പ്രദായത്തെ അട്ടിമറിക്കാൻ ശ്രമിച്ച മുൻ തീവ്ര വലതുപക്ഷ പ്രസിഡൻ്റ് ജെയ്ർ ബൊൽസനാരോയുടെ അനുയായികളുടെ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ മോറസ് ഉത്തരവിട്ടതോടെയാണ് തർക്കം ആരംഭിച്ചത്. 2023ൽ നിലവിലെ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവക്കെതിരെ ബൊൽസനാരോ അട്ടിമറി ശ്രമം നടത്തിയോ എന്നതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.
ജനാധിപത്യത്തിനെതിരായതും വ്യാജമായതുമായ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നു എന്ന് കാട്ടി മുൻ കോൺഗ്രസ് അംഗവും തീവ്ര വലതുപക്ഷ നേതാവുമായ ഡാനിയൽ സിൽവേര ഉൾപ്പെടെയുള്ളവരുടെ അക്കൗണ്ടുകൾ മരിവിപ്പിക്കാനായിരുന്നു കോടതി നിർദേശം. 2022-ൽ സുപ്രീം കോടതിയെ അട്ടിമറിക്കാനുള്ള ശ്രമത്തിന് നേതൃത്വം നൽകിയതിൻ്റെ പേരിൽ ഒമ്പത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഡാനിയൽ സിൽവേര