'ബാക്കി ബന്ദികളെ കൂടി ഉടൻ വിട്ടയക്കൂ, അല്ലെങ്കിൽ നിങ്ങളുടെ അവസാനമാണ്'; വീണ്ടും ഹമാസിനെതിരെ ട്രംപ്

ഗാസയിൽ അവശേഷിക്കുന്ന എല്ലാ ബന്ദികളെയും വിട്ടയച്ചില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഹമാസിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്ത്യശാസസം. ബന്ദികളെ ഇനിയും വിട്ടയക്കാതെ തടവിൽ പാർപ്പിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഹമാസിനെ ഇല്ലാതാക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഗാസ വിട്ട് ഹമാസ് നേതാക്കൾക്ക് പലായനം ചെയ്യാനും ട്രംപ് അന്ത്യശാസനം നൽകി. അമേരിക്കൻ ബന്ദികളെ കുറിച്ച് ഹമാസുമായി നേരിട്ട് ചർച്ച നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ട്രംപ് രംഗത്തെത്തിയത്. ബന്ദികളുടെ കാര്യത്തിലുള്ള അമേരിക്കൻ പ്രതിനിധി ആദം ബോഹ്‌ലറുമായി ട്രംപ് ചർച്ച നടത്തി.
ജോലി പൂർത്തിയാക്കാൻ ഇസ്രായേലിന് ആവശ്യമായതെല്ലാം അയയ്ക്കുന്നുവെന്നും ട്രംപ് പറഞ്ഞു. എല്ലാ ബന്ദികളെയും ഇപ്പോൾ വിട്ടയക്കുക, നിങ്ങൾ കൊലപ്പെടുത്തിയ ആളുകളുടെ മൃതദേഹങ്ങളും ഉടൻ തിരികെ നൽകുക. അല്ലെങ്കിൽ അത് നിങ്ങളുടെ അവസാനമായിരിക്കുമെന്ന് ട്രംപ് ട്രൂത്തിൽ കുറിച്ചു. ഇത് നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പാണ്! ഹമാസ് നേതൃത്വത്തിന്, ഇപ്പോൾ ഗാസ വിടാനുള്ള സമയമാണ്. നിങ്ങൾക്ക് ഇനിയും അവസരമുണ്ടെന്നും ട്രംപ് ഭീഷണിപ്പെടുത്തി.