കുവൈത്ത് യാത്രക്കാർക്ക് ആശ്വാസം; സഹൽ ആപ്പിൽ ഫണ്ട് വെളിപ്പെടുത്തൽ സേവനം ആരംഭിച്ചു
യാത്രക്കാരുടെ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ ഏകീകൃത സർക്കാർ ആപ്പായ 'സഹൽ' വഴി ഫണ്ട് വെളിപ്പെടുത്തൽ സേവനം ആരംഭിച്ചു. കുവൈത്ത് കസ്റ്റംസ് അവതരിപ്പിച്ച ഈ പുതിയ ഇലക്ട്രോണിക് സംവിധാനം വഴി യാത്രക്കാർക്ക് തങ്ങളുടെ പക്കലുള്ള പണം മുൻകൂട്ടി പ്രഖ്യാപിക്കാനാകും.
3,000 കുവൈത്ത് ദീനാറിൽ കൂടുതൽ തുകയോ അല്ലെങ്കിൽ അതിന് തുല്യമായ വിദേശ കറൻസികളോ കൈവശമുള്ളവർക്ക് ഈ സേവനം ഉപയോഗപ്പെടുത്തി വിവരങ്ങൾ ഇലക്ട്രോണിക് രീതിയിൽ വെളിപ്പെടുത്താം. രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പോ പുറപ്പെടുന്നതിന് മുമ്പോ ഈ നടപടി പൂർത്തിയാക്കാമെന്നതിനാൽ വിമാനത്താവളങ്ങളിലെ സമയം ലാഭിക്കാനും പേപ്പർ വർക്കുകൾ ഒഴിവാക്കാനും സാധിക്കും. യാത്രക്കാർ സമർപ്പിക്കുന്ന വിവരങ്ങൾ കസ്റ്റംസ് അധികൃതർക്ക് ഓൺലൈനായി തന്നെ പരിശോധിച്ച് ഉറപ്പുവരുത്താനുള്ള സൗകര്യവും ഇതിലുണ്ട്.
