യാത്രക്കാർക്ക് ആശ്വാസം; കുവൈത്ത് എയർവേസ് സർവിസുകൾ പുനരാരംഭിച്ചു
ഇറാൻ ആക്രമണത്തെത്തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്ത് വിമാനത്താവളത്തിലെ ടെർമിനൽ-4ന്റെ പ്രവർത്തനം പുനരാരംഭിച്ചു. ഇവിടെ നിന്നും കുവൈത്ത് എയർവേസ് വിമാനങ്ങൾ സർവിസ് ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ വിമാനത്താവളത്തിലെ ടെർമിനൽ-1ന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് രാജ്യത്ത് വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചത്.
സാങ്കേതിക സംഘങ്ങളും സുരക്ഷാ അധികാരികളും ആക്രമണമുണ്ടായ സ്ഥലത്തെ നാശനഷ്ടങ്ങൾ വിലയിരുത്തുകയും, വ്യോമയാന പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് ടെർമിനൽ-4ൽ നിന്നുള്ള കുവൈത്ത് എയർവേസ് സർവിസുകൾക്ക് അനുമതി നൽകിയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, ഉയർന്ന സുരക്ഷ ഉറപ്പാക്കാൻ മറ്റ് ഏജൻസികളുമായി ഏകോപിപ്പിച്ചു പ്രവർത്തിക്കുമെന്നും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ കുവൈത്ത് എയർവേസുമായി ബന്ധപ്പെട്ട് തങ്ങളുടെ ഫ്ലൈറ്റ് ഷെഡ്യൂളുകളും യാത്രാ വിവരങ്ങളും മുൻകൂട്ടി പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, കുവൈത്ത് എയർവേസ് ഒഴികെയുള്ള മറ്റ് വിമാന കമ്പനികളുടെ സർവിസുകൾ എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബുധനാഴ്ച കോഴിക്കോട് നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള നിരവധി വിമാന സർവിസുകൾ റദ്ദാക്കിയിരുന്നു.
