കടുത്ത വേനലിൽ റൈഡർമാർക്ക് ആശ്വാസം; ഉച്ചവിശ്രമ സമയത്ത് ഓർഡറുകൾ മൂന്നായി പരിമിതപ്പെടുത്തി യു.എ.ഇയിലെ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ
യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം കർശനമായി നടപ്പിലാക്കുന്ന പശ്ചാത്തലത്തിൽ, കടുത്ത വേനൽച്ചൂടിൽ നിന്ന് ഡെലിവറി റൈഡർമാർക്ക് സംരക്ഷണം ഉറപ്പാക്കാൻ മുൻകരുതലുകളുമായി പ്രമുഖ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ. തലബാത്ത് (Talabat), കരീം (Careem) തുടങ്ങിയ മുൻനിര കമ്പനികൾ റൈഡർമാരുടെ സുരക്ഷ മുൻനിർത്തി കൂളിംഗ് സ്റ്റേഷനുകൾ, ഓർഡറുകളിലെ നിയന്ത്രണം, ആരോഗ്യ പരിശോധനകൾ എന്നിവ നടപ്പിലാക്കാൻ ആരംഭിച്ചു.
ഉച്ചവിശ്രമ സമയങ്ങളിൽ ഒരു റൈഡർക്ക് നൽകുന്ന ഓർഡറുകളുടെ എണ്ണം പരമാവധി 3 ആയി പരിമിതപ്പെടുത്താനും, മൊത്തം ഡെലിവറി ദൈർഘ്യം 60 മിനിറ്റിൽ കവിയരുതെന്നും കമ്പനികൾക്ക് നിർദ്ദേശമുണ്ട്. കരീം തങ്ങളുടെ ആപ്പിലെ ഓട്ടോമാറ്റിക് ഡിസ്പാച്ച് സിസ്റ്റത്തിൽ മാറ്റങ്ങൾ വരുത്തി, നിയന്ത്രിത സമയങ്ങളിൽ റൈഡർമാർക്ക് ലഭിക്കുന്ന ഓർഡറുകൾ സ്വയം പരിമിതപ്പെടുത്തുന്ന രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ഭക്ഷണം എത്തുന്ന സമയത്തിലും മാറ്റങ്ങൾ ഉണ്ടാകും. റൈഡർമാരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് കമ്പനികൾ ഉപഭോക്താക്കളെ അറിയിക്കുകയും ചെയ്യുന്നു.
സെപ്റ്റംബർ 15 വരെ ദിവസവും ഉച്ചയ്ക്ക് 12:30 മുതൽ വൈകുന്നേരം 3:00 മണി വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം നിലവിലുണ്ട്.
