സഞ്ചാരികൾക്ക് ആശ്വാസം; എണ്ണച്ചോർച്ചയെത്തുടർന്ന് അടച്ചിട്ട റാസൽഖൈമയിലെ ഏഴ് ബീച്ചുകൾ വീണ്ടും തുറന്നു
ഉമ്മുൽ ഖുവൈൻ തീരത്തിന് സമീപമുണ്ടായ എണ്ണച്ചോർച്ചയെത്തുടർന്ന് താൽക്കാലികമായി അടച്ചിട്ടിരുന്ന റാസൽഖൈമയിലെ ഏഴ് പ്രമുഖ ബീച്ചുകൾ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കുമായി വീണ്ടും തുറന്നുകൊടുത്തു. നാല് പൊതുബീച്ചുകളും മൂന്ന് പ്രമുഖ റിസോർട്ട് ബീച്ചുകളുമാണ് പ്രവർത്തനസജ്ജമായതെന്ന് എമിറേറ്റിലെ പബ്ലിക് സർവീസസ് ഡിപാർട്മെന്റ് അറിയിച്ചു.
ഫ്ലെമിംഗോ ബീച്ച്, ദഹാൻ ബീച്ച്, അൽ മൈരീദ് ബീച്ച്, അൽ റാംസ് കോർണിഷ് എന്നീ പൊതുബീച്ചുകളാണ് വീണ്ടും തുറന്നത്. ഇതിനുപുറമെ അനാന്തര മിന അൽ അറബ് റിസോർട്ട്, ഇന്റർകോണ്ടിനെന്റൽ മിന അൽ അറബ് റിസോർട്ട് ആൻഡ് സ്പാ, ദി കോവ് റൊട്ടാന റിസോർട്ട് എന്നിവയുടെ ബീച്ചുകളിലും സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മറ്റ് ബീച്ചുകൾ തുറക്കുന്ന തീയതി ഔദ്യോഗിക ചാനലുകൾ വഴി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബർ 23-നുണ്ടായ എണ്ണച്ചോർച്ചയുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലെന്ന നിലയിലാണ് ഒക്ടോബർ 24 മുതൽ റാസൽഖൈമയിലെയും അയൽ എമിറേറ്റുകളിലെയും തീരങ്ങൾ അടച്ചിട്ടത്. തീരങ്ങളുടെയും സമുദ്രജീവികളുടെയും സുരക്ഷ ഉറപ്പാക്കാൻ വിപുലമായ ശുചീകരണ പ്രവർത്തനങ്ങളാണ് മേഖലയിൽ നടന്നുവരുന്നത്. പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
