വാഹന ഉടമകൾക്ക് ആശ്വാസം; റാസൽഖൈമയിൽ നമ്പർ പ്ലേറ്റുകൾ ഇനി വീട്ടിലെത്തിക്കും, രാജ്യവ്യാപക ഡെലിവറി സേവനത്തിന് തുടക്കം

  1. Home
  2. International

വാഹന ഉടമകൾക്ക് ആശ്വാസം; റാസൽഖൈമയിൽ നമ്പർ പ്ലേറ്റുകൾ ഇനി വീട്ടിലെത്തിക്കും, രാജ്യവ്യാപക ഡെലിവറി സേവനത്തിന് തുടക്കം

rak number plate


വാഹന ഉടമകൾക്ക് നമ്പർ പ്ലേറ്റുകൾ നേരിട്ട് കൈപ്പറ്റാൻ സൗകര്യമൊരുക്കിക്കൊണ്ട് റാസൽഖൈമ പബ്ലിക് റിസോഴ്സസ് അതോറിറ്റി രാജ്യവ്യാപകമായി ഹോം ഡെലിവറി സേവനം ആരംഭിച്ചു. എല്ലാത്തരം വാഹന നമ്പർ പ്ലേറ്റുകൾക്കും ഈ പുതിയ സേവനം ലഭ്യമാകുമെന്നും, യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലുമുള്ള വാഹന ഉടമകൾക്ക് അവരുടെ വീട്ടുപടിക്കൽ നമ്പർ പ്ലേറ്റുകൾ എത്തിച്ചു നൽകുമെന്നും അതോറിറ്റി അറിയിച്ചു. ഇതോടെ നമ്പർ പ്ലേറ്റുകൾ കൈപ്പറ്റാനായി കളക്ഷൻ സെന്ററുകളിലേക്കോ, മറ്റ് എമിറേറ്റുകളിൽ താമസിക്കുന്നവർ റാസൽഖൈമയിലേക്കോ നേരിട്ട് യാത്ര ചെയ്യേണ്ട ബുദ്ധിമുട്ട് പൂർണ്ണമായും ഒഴിവാകും.

യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പ് വഴിയോ അബൂദബിയിലെ ‘താം’ (TAMM) ഡിജിറ്റൽ സർക്കാർ സേവന പ്ലാറ്റ്‌ഫോം വഴിയോ ഉപഭോക്താക്കൾക്ക് ഓൺലൈനായി ഡെലിവറി സേവനത്തിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ യു.എ.ഇയിൽ തങ്ങൾക്ക് സൗകര്യപ്രദമായ ഡെലിവറി വിലാസം കൃത്യമായി രേഖപ്പെടുത്തുകയും, തുടർന്ന് ഡെലിവറി സമയം ഉറപ്പാക്കുന്നതിനായുള്ള അറിയിപ്പിനായി കാത്തിരിക്കുകയും വേണം. നമ്പർ പ്ലേറ്റ് കൈപ്പറ്റുന്ന സമയത്ത് ഉപഭോക്താക്കൾ തങ്ങളുടെ എമിറേറ്റ്സ് ഐ.ഡി നൽകി പരിശോധന പൂർത്തിയാക്കേണ്ടതുണ്ട്.

സേവന മേഖലകൾ വിപുലീകരിക്കാനും നടപടിക്രമങ്ങൾ ലളിതമാക്കാനും ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നീക്കമെന്ന് റാസൽഖൈമ പബ്ലിക് റിസോഴ്സസ് അതോറിറ്റിയിലെ ഓപറേഷനൽ സർവീസസ് വിഭാഗം ഡയറക്ടർ അബ്ദുന്നാസർ അഹമ്മദ് അൽ അവാദി വ്യക്തമാക്കി. അതേസമയം, റാസൽഖൈമയിലെ നമ്പർ പ്ലേറ്റ് നിർമ്മാണ കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്ന വാഹന ഉടമകൾക്ക് നമ്പർ പ്ലേറ്റുകൾ സൗജന്യമായി ഘടിപ്പിച്ചു നൽകുന്ന നിലവിലെ സേവനം അതോറിറ്റി തുടർന്നും നൽകുന്നതാണ്.