കടുത്ത വേനൽച്ചൂടിന് ആശ്വാസം; ഒമാനിൽ വിവിധയിടങ്ങളിൽ നേരിയ മഴ പെയ്തു

  1. Home
  2. International

കടുത്ത വേനൽച്ചൂടിന് ആശ്വാസം; ഒമാനിൽ വിവിധയിടങ്ങളിൽ നേരിയ മഴ പെയ്തു

oman


ഒമാനിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കടുത്ത വേനൽച്ചൂടിന് താൽക്കാലിക ശമനമേകി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ വേനൽമഴ പെയ്തു. മഴ പെയ്തിറങ്ങിയതോടെ പല പ്രവിശ്യകളിലും താപനിലയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്.

ഖുഫ, ബുറൈമി, വാദി അൽ വാരിയ്യ, ഇബ്രയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും വേനൽ മഴ ലഭിച്ചത്. ഇതിനൊപ്പം ടൂറിസം സീസണിന് തുടക്കം കുറിച്ച് സലാലയുടെ ചില പ്രദേശങ്ങളിൽ ഖരീഫ് മൺസൂൺ മഴയും പെയ്തുതുടങ്ങിയിട്ടുണ്ട്. തലസ്ഥാന നഗരമായ മസ്‌കത്തിന്റെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം അന്തരീക്ഷം മേഘാവൃതമാവുകയും ശക്തമായ കാറ്റ് അനുഭവപ്പെടുകയും ചെയ്തിരുന്നു. മസ്‌കത്തിൽ മഴ ലഭിച്ചില്ലെങ്കിലും ചൂടിന് വലിയ കുറവുണ്ടായിട്ടുണ്ട്.

നിലവിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 15.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരിക്കുന്നത് പ്രശസ്തമായ ജബൽ ഷംസിലാണ്. വരും മണിക്കൂറുകളിൽ ഹജർ പർവത നിരകളിൽ ശക്തമായ ഇടിമിന്നലോട് കൂടിയ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാറിലെ മരുഭൂമി മേഖലകളിലും സമീപ പ്രദേശങ്ങളിലും ഇടവിട്ട മഴയ്ക്ക് സാധ്യതയുണ്ട്. കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, കാലാവസ്ഥാ വ്യതിയാനങ്ങൾ അറിയാൻ ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.