എഐ സാങ്കേതികവിദ്യയിൽ ബിസിനസ്സ് ലൈസൻസ് പുതുക്കാം; രാജ്യത്തെ ആദ്യ ഏജന്റിക് എഐ സേവനവുമായി അജ്മാൻ

  1. Home
  2. International

എഐ സാങ്കേതികവിദ്യയിൽ ബിസിനസ്സ് ലൈസൻസ് പുതുക്കാം; രാജ്യത്തെ ആദ്യ ഏജന്റിക് എഐ സേവനവുമായി അജ്മാൻ

ajman


നിർമിത ബുദ്ധി സാങ്കേതികവിദ്യയായ ഏജന്റിക് എഐ (Agentic AI) ഉപയോഗിച്ച് ട്രേഡ് ലൈസൻസുകൾ സ്വയം പുതുക്കുന്ന വിപ്ലവകരമായ പദ്ധതിക്ക് അജ്മാനിൽ തുടക്കമായി. ആളുകൾ നേരിട്ട് അപേക്ഷിക്കാതെ തന്നെ ഉപയോക്താക്കളുടെ ആവശ്യമറിഞ്ഞ് സ്വയം പ്രവർത്തിക്കുന്ന 'പ്രോആക്ടീവ്' മാതൃകയിലുള്ള രാജ്യത്തെ ആദ്യ സർക്കാർ സേവനമാണിത്. ഡിജിറ്റൽ അജ്മാൻ വകുപ്പാണ് ഈ ഡിജിറ്റൽ മുന്നേറ്റത്തിന് പിന്നിൽ പ്രവർത്തിച്ചത്.

ബിസിനസ് രംഗത്തിന് കൂടുതൽ കരുത്തുപകരാനും ജനങ്ങളുടെ ജീവിതനിലവാരം വർദ്ധിപ്പിക്കാനുമാണ് എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതെന്ന് അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി വ്യക്തമാക്കി. അജ്മാൻ സാമ്പത്തിക വികസന വകുപ്പ് വഴിയാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കമിട്ടിരിക്കുന്നത്.

ലൈസൻസിന്റെ കാലാവധി അവസാനിക്കാറാകുമ്പോൾ ഉപയോക്താക്കൾക്ക് തനിയെ സന്ദേശം എത്തുകയും, 'അജ്മാൻ വൺ' ആപ്പിലെ ഇന്റലിജന്റ് അസിസ്റ്റന്റ് വഴി പുതുക്കൽ നടപടികൾ വളരെ എളുപ്പത്തിൽ പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്യും. നഗരസഭാ പ്ലാനിങ് വകുപ്പുമായി ഇത് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ വാണിജ്യ വാടകക്കരാറുകൾ പുതുക്കുന്ന നടപടികളും ഇതിലൂടെ ഒന്നിച്ചു നടക്കും. അജ്മാൻ വിഷൻ 2030-ന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ സംവിധാനം നിക്ഷേപകർക്ക് നടപടികൾ വേഗത്തിലാക്കാൻ ഏറെ സഹായകരമാകും.