ഒമാനിൽ ചരക്ക് ലോറികൾക്ക് നിയന്ത്രണം; ട്രാൻസ്‌പോർട്ട് ഡോക്യുമെന്റ് ഇല്ലാതെ സർവീസ് നടത്താനാവില്ല
ഒമാനിലെ കര ചരക്ക് ഗതാഗത മേഖലയിൽ നിയമങ്ങൾ കർശനമാക്കി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം. ഇനി മുതൽ രാജ്യത്ത് സർവീസ് നടത്തുന്ന ട്രക്കുകൾ ചരക്ക് നീക്കം ആരംഭിക്കുന്നതിന് മുമ്പ് നിർബന്ധമായും 'ട്രാൻസ്‌പോർട്ട് ഡോക്യുമെന്റുകൾ' കരസ്ഥമാക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ട്രക്ക് അധിഷ്ഠിത ചരക്ക് ഗതാഗത സേവനങ്ങൾ ഉപയോഗിക്കുന്നവർക്കും ലാന്റ് ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് ആപ്പുകൾ വഴിയുള്ള ഓപ്പറേറ്റർമാർക്കും ഈ നിയമം ബാധകമാണ്.
ഒമാനിലേക്ക് പ്രവേശിക്കുന്ന വിദേശ ട്രക്കുകളും ഈ രേഖകൾ നിർബന്ധമായും ഹാജരാക്കേണ്ടതുണ്ട്. ചരക്ക് നീക്കം കൃത്യമായി നിരീക്ഷിക്കുന്നതിനും ഗതാഗത മേഖലയിലെ സുതാര്യത ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം. ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ഇത് സഹായിക്കും. ഗതാഗത പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുമ്പ് മന്ത്രാലയത്തിന്റെ പ്രത്യേക ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി ആവശ്യമായ രേഖകൾ സ്വന്തമാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഒമാനിലെ ഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനുള്ള നിയമപരമായ ചട്ടക്കൂടിന്റെ ഭാഗമാണിതെന്ന് മന്ത്രാലയം വ്യക്തമാക്കി. ചരക്ക് ഗതാഗത മേഖലയിൽ മികച്ച സേവനം ഉറപ്പാക്കുന്നതിനൊപ്പം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും പുതിയ നടപടിയിലൂടെ സാധിക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് സൂചന.
