ഷാർജയിൽ ട്രക്കുകളുടെ നിയന്ത്രണം പിൻവലിച്ചു; പ്രധാന റോഡുകളിൽ വീണ്ടും ഗതാഗതം അനുവദിച്ചു
ഷാർജയിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം അധികൃതർ പിൻവലിച്ചു. എമിറേറ്റ്‌സ് റോഡ്, അൽ ദൈദ് റോഡ്, അൽ മദാം റോഡ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് പിൻവലിച്ചതെന്ന് ഷാർജ പൊലീസ് അറിയിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ശനിയാഴ്ച മുതൽ ട്രക്കുകൾക്ക് പ്രധാന റോഡുകളിലൂടെ യാത്ര തുടരാമെന്ന് ഷാർജ പൊലീസ് അറിയിച്ചു.
എമിറേറ്റിലെ പ്രധാന റോഡുകളിലെ ഗതാഗതം മെച്ചപ്പെടുത്താനും ഹെവി വാഹനങ്ങളുടെ നീക്കം നിയന്ത്രിക്കുകയുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ തീരുമാനം എമിറേറ്റിലെ ചരക്കുഗതാഗത മേഖലയെ പിന്തുണക്കുകയും റോഡ് സുരക്ഷ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ട് സുഗമമായ ഗതാഗത നീക്കത്തെ സഹായിക്കുകയും ചെയ്യും.
