പ്രവാസികളുടെ തിരിച്ചുവരവ്: സുഗമമായ യാത്ര ഉറപ്പാക്കാൻ സജ്ജമായി ഹമദ് വിമാനത്താവളം
വേനലവധിക്കാലം കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ ഖത്തറിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ തിരക്ക് നേരിടാൻ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് ബുദ്ധിമുട്ടുകളില്ലാത്ത യാത്രാനുഭവം നൽകുന്നതിനായി റൗണ്ട് ദ ക്ലോക്ക് സേവനവുമായി ജീവനക്കാർ രംഗത്തുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇമിഗ്രേഷൻ നടപടികൾ എളുപ്പമാക്കാൻ ഇ-ഗേറ്റ്സ് വഴിയുള്ള Scan & Go സംവിധാനം പ്രയോജനപ്പെടുത്താം. കുട്ടികളുമായി യാത്ര ചെയ്യുന്നവർക്കായി ടെർമിനലുകളിൽ സൗജന്യ ബേബി സ്ട്രോളറുകളും, നിശ്ചിത കോൺകോഴ്സുകളിൽ സൗജന്യ ഷട്ടിൽ ബഗ്ഗി സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്.
ബാഗേജുകൾ ശേഖരിച്ച് പുറത്തിറങ്ങുന്നതിന് മുൻപ് ടാഗുകൾ പരിശോധിച്ച് ഉറപ്പുവരുത്തണം. വിമാനത്താവളത്തിൽ നിന്ന് നഗരത്തിലേക്ക് പോകാൻ മെട്രോ, ടാക്സി, ബസ്, ലിമോസിൻ സൗകര്യങ്ങളും ലഭ്യമാണ്. ഓഗസ്റ്റിൽ പ്രവാസി കുടുംബങ്ങളുടെ വൻ തിരിച്ചുവരവ് പ്രമാണിച്ച് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചതായി അധികൃതർ കൂട്ടിച്ചേർത്തു.
