പരിസ്ഥിതി സൗഹൃദ ഗതാഗതത്തിൽ വിപ്ലവം; 12 വർഷത്തിനിടെ ഖത്തറിൽ നിർമിച്ചത് 3,000 കിലോമീറ്ററിലേറെ സൈക്കിൾ പാത

  1. Home
  2. International

പരിസ്ഥിതി സൗഹൃദ ഗതാഗതത്തിൽ വിപ്ലവം; 12 വർഷത്തിനിടെ ഖത്തറിൽ നിർമിച്ചത് 3,000 കിലോമീറ്ററിലേറെ സൈക്കിൾ പാത

cycle paths


പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ കഴിഞ്ഞ ഒരു വ്യാഴവട്ടത്തിനിടെ നിർമിച്ചത് മുവ്വായിരത്തിലേറെ കിലോമീറ്റർ സൈക്കിൾ പാതകൾ. രാജ്യാന്തര നിലവാരത്തിലുള്ള വിപുലമായ സൈക്കിൾ ട്രാക്ക് ശൃംഖലയാണ് രാജ്യത്തുടനീളം ഒരുക്കിയിരിക്കുന്നത്.

ഖത്തർ പൊതുമരാമത്ത് വകുപ്പായ 'അഷ്ഗാൽ' (Ashghal) ആണ് ഈ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. ഖത്തർ ഗതാഗത മന്ത്രാലയവുമായി സഹകരിച്ച് 2013 മുതൽ 2025 വരെയുള്ള കാലയളവിൽ മാത്രം 3,430 കിലോമീറ്റർ സൈക്കിൾ ട്രാക്കുകളാണ് അഷ്ഗാൽ പൂർത്തിയാക്കിയത്. ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി സൈക്ലിംഗിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ വൻകിട പദ്ധതി നടപ്പാക്കിയത്.

ഈ ശൃംഖലയിലെ ഏറ്റവും സവിശേഷമായ ഒന്നാണ് കോസ്റ്റൽ റോഡിന് സമാന്തരമായി നിർമിച്ചിട്ടുള്ള 'ഒളിമ്പിക് സൈക്കിൾ ട്രാക്ക്'. പ്രൊഫഷണൽ സൈക്ലിസ്റ്റുകൾക്കായി ഒരുക്കിയ ഈ അത്യാധുനിക ട്രാക്കിന് 33 കിലോമീറ്റർ നീളമുണ്ട്. രാജ്യത്തെ മെട്രോ, ബസ് സ്റ്റേഷനുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുമായി ഈ സൈക്കിൾ പാതകളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം. സ്റ്റേഷനുകളുടെ പരിസരങ്ങളിൽ സൈക്കിളുകൾ സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള അത്യാധുനിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്മാർട്ട് സിഗ്നലിംഗ് സംവിധാനങ്ങൾ, പ്രത്യേക വിശ്രമ കേന്ദ്രങ്ങൾ, ട്രാക്കുകളുടെ ഇരുവശങ്ങളിലുമായി മനോഹരമായ ഹരിത ഇടങ്ങൾ (ഗ്രീൻ പ്രൊമെനേഡുകൾ) എന്നിവയും അഷ്ഗാൽ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇതോടെ സൈക്ലിങ് കേവലമൊരു വിനോദം എന്നതിനപ്പുറം ഖത്തറിലെ പ്രധാന യാത്രാമാർഗ്ഗങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.