ബംഗ്ലാദേശിൽ വീണ്ടും കലാപം; മുഹമ്മദ് യൂനുസിന്റെ കുടുംബവീടിനും ഗ്രാമീൺ ബാങ്ക് ശാഖകൾക്കും നേരെ തീവെപ്പ്, ധാക്കയിൽ 565 പേർ അറസ്റ്റിൽ

  1. Home
  2. International

ബംഗ്ലാദേശിൽ വീണ്ടും കലാപം; മുഹമ്മദ് യൂനുസിന്റെ കുടുംബവീടിനും ഗ്രാമീൺ ബാങ്ക് ശാഖകൾക്കും നേരെ തീവെപ്പ്, ധാക്കയിൽ 565 പേർ അറസ്റ്റിൽ

bangladesh riot


ബംഗ്ലാദേശിൽ വീണ്ടും വ്യാപക അക്രമവും രാഷ്ട്രീയ സംഘർഷവും രൂക്ഷമാകുന്നു. നിരോധിത സംഘടനയായ അവാമി ലീഗ് പ്രഖ്യാപിച്ച ദേശവ്യാപക ലോക്ഡൗണിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ നാലുപേർ കൊല്ലപ്പെട്ടു. സംഘർഷത്തിനിടെ മുൻ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്ന മുഹമ്മദ് യൂനുസിന്റെ ചിറ്റഗോങ്ങിലുള്ള (പഞ്ച്‌ലൈഷ്) പൂർവിക വസതിക്ക് അക്രമികൾ തീവെച്ചു. തലസ്ഥാനമായ ധാക്കയിലുൾപ്പെടെ പലയിടത്തും നാടൻ ബോംബ് സ്‌ഫോടനങ്ങളും വാഹനങ്ങൾക്ക് തീവെക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച പുലർച്ചെയാണ് മുഹമ്മദ് യൂനുസിന്റെ ചിറ്റഗോങ്ങിലെ കുടുംബവീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ താഴത്തെ നിലയിലെ ഒരു മുറിയിൽ അക്രമികൾ തീയിടുകയായിരുന്നു. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീയണച്ചെങ്കിലും വീടിന്റെ ഒരു ഭാഗം പൂർണ്ണമായും കത്തിനശിച്ചു. മുകളിലത്തെ നിലകളിൽ താമസിച്ചിരുന്ന മുഹമ്മദ് യൂനുസിന്റെ സഹോദരങ്ങൾ അപകടമൊന്നും കൂടാതെ സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം.

കലാപകാരികൾ രാജ്യത്തെ ഗ്രാമീൺ ബാങ്ക് ശാഖകളെയും വ്യാപകമായി ലക്ഷ്യം വെക്കുകയാണ്. വടക്കു കിഴക്കൻ മേഖലയായ സിൽഹെറ്റ്, വടക്കുപടിഞ്ഞാറൻ മേഖലയായ രാജ്ഷാഹി, തെക്കുപടിഞ്ഞാറൻ മേഖലകളായ ബാരിഷാൽ, ഫരീദ്പൂർ എന്നിവിടങ്ങളിലെ നിരവധി ശാഖകൾ അക്രമികൾ തീവെച്ച് നശിപ്പിച്ചു. നവംബർ 10 മുതൽ ഇതുവരെ 37 ശാഖകൾക്ക് നേരെ ആക്രമണമുണ്ടായതായും, കഴിഞ്ഞ അർധരാത്രിക്ക് ശേഷം മാത്രം 14 ശാഖകൾ കൂടി തകർക്കപ്പെട്ടതായും ഗ്രാമീൺ ബാങ്ക് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബംഗ്ലാദേശിലെ 64 ഭരണജില്ലകളിൽ 28 എണ്ണത്തിലും ബോംബ് സ്‌ഫോടനങ്ങളും അക്രമസംഭവങ്ങളും അരങ്ങേറി. ക്രമസമാധാന നില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ധാക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 565 പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. മുൻ വിദ്യാഭ്യാസ മന്ത്രിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് മുന്നറിയിപ്പ് നൽകി.