അവശ്യവസ്തുക്കളുടെ വിലവർധന: യു.എ.ഇയിൽ നിരീക്ഷണം ശക്തമാക്കി സാമ്പത്തിക മന്ത്രാലയം; 627 ഔട്ട്‌ലെറ്റുകളിൽ ഡിജിറ്റൽ പരിശോധന
മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് അവശ്യവസ്തുക്കളുടെ വില അന്യായമായി വർധിപ്പിക്കുന്നത് തടയാൻ യു.എ.ഇയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി. രാജ്യത്തെ പ്രമുഖ കോഓപറേറ്റീവ് സ്ഥാപനങ്ങൾ, ഹൈപ്പർമാർക്കറ്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയുൾപ്പെടെ 627 പ്രധാന ഔട്ട്‌ലെറ്റുകളിൽ വില യഥാസമയം നിരീക്ഷിക്കുന്നതിനായി സാമ്പത്തിക ടൂറിസം മന്ത്രാലയം പുതിയ ഡിജിറ്റൽ സംവിധാനം സജ്ജമാക്കി. ഏഴ് എമിറേറ്റുകളിലായി നടക്കുന്ന അവശ്യവസ്തു വ്യാപാരത്തിന്റെ 90 ശതമാനവും ഈ ഔട്ട്‌ലെറ്റുകൾ വഴിയായതിനാൽ ശക്തമായ നിയന്ത്രണം ഉറപ്പാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പുതിയ സാങ്കേതിക സംവിധാനത്തിലൂടെ മുൻനിര ചെറുകിട ഔട്ട്‌ലെറ്റുകളിലെ വിലനിലവാരം മന്ത്രാലയത്തിന് തുടർച്ചയായി ട്രാക്ക് ചെയ്യാൻ സാധിക്കും. സ്ഥാപനങ്ങൾ പുതുക്കിയ വിലവിവരങ്ങൾ കൃത്യമായ ഇടവേളകളിൽ സമർപ്പിക്കണം. വിലയിൽ അസാധാരണമായ മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ പരിശോധനാ ടീം ഉടൻ മുന്നറിയിപ്പ് നൽകുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യും. ഉപഭോക്താക്കളെ ബാധിക്കുന്നതിന് മുമ്പ് തന്നെ അന്യായമായ വിലവർധനവും നിയമലംഘനങ്ങളും കണ്ടെത്താനാണ് ഈ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. അംഗീകൃത വിലനിലവാര നയങ്ങൾ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഡാറ്റാ ശേഖരണത്തിലൂടെ മന്ത്രാലയം ഉറപ്പുവരുത്തും.
പാചക എണ്ണ, മുട്ട, പാലുൽപ്പന്നങ്ങൾ, അരി, പഞ്ചസാര, കോഴി ഉൽപ്പന്നങ്ങൾ, പയറുവർഗങ്ങൾ, ബ്രഡ്, ഗോതമ്പ് എന്നീ ഒമ്പത് ഉൽപ്പന്നങ്ങളെയാണ് അവശ്യവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഈ ഉൽപ്പന്നങ്ങൾക്ക് വില വർധിപ്പിക്കാനാവില്ല. ഉപഭോക്തൃ സംരക്ഷണ നിയമത്തിന് വിധേയമായുള്ള ഈ നടപടി കുത്തക രീതികൾ തടയാനും ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിക്കും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 8001222 എന്ന ടോൾഫ്രീ നമ്പറിലോ info@moet.gov.ae എന്ന ഇ-മെയിൽ വിലാസത്തിലോ പരാതി അറിയിക്കാവുന്നതാണ്.
