കെയ്‌റോയിലേക്ക് ചിറകുവിരിച്ച് റിയാദ് എയർ; മൂന്നാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനം പ്രഖ്യാപിച്ചു

  1. Home
  2. International

കെയ്‌റോയിലേക്ക് ചിറകുവിരിച്ച് റിയാദ് എയർ; മൂന്നാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനം പ്രഖ്യാപിച്ചു

riyadh air


സൗദി അറേബ്യയുടെ പുത്തൻ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ തങ്ങളുടെ ആഗോള ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയെ മൂന്നാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുത്തു. ലണ്ടനും ദുബൈക്കും ശേഷം റിയാദ് എയർ സർവീസ് നടത്തുന്ന നഗരമെന്ന പ്രത്യേകത ഇനി കെയ്‌റോയ്ക്ക് സ്വന്തമാകും. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ നിന്ന് കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിന സർവീസുകൾ നടത്താനാണ് കമ്പനിയുടെ തീരുമാനം.

ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നിൽ സാന്നിധ്യം അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. അത്യാധുനിക സൗകര്യങ്ങളുള്ള ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങളാണ് ഈ പാതയിൽ യാത്രക്കാർക്കായി ഒരുക്കുന്നത്. റിയാദിനും കെയ്‌റോയ്ക്കും ഇടയിൽ വർഷംതോറും ശരാശരി 27 ലക്ഷത്തോളം യാത്രക്കാർ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഈജിപ്തും സൗദിയും തമ്മിലുള്ള സാമ്പത്തിക, ടൂറിസം ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാൻ പുതിയ സർവീസ് സഹായകമാകും.

സൗദിയിൽ നിന്നുള്ള യാത്രക്കാർ ഏറ്റവുമധികം സന്ദർശിക്കുന്ന നഗരങ്ങളിൽ മുൻനിരയിലാണ് കെയ്‌റോയുടെ സ്ഥാനം. അതുപോലെ തന്നെ തീർത്ഥാടനം, ബിസിനസ് ആവശ്യങ്ങൾക്കായി ഈജിപ്തിൽ നിന്ന് സൗദിയിലേക്ക് എത്തുന്നവരുടെ വർദ്ധനവും പുതിയ റൂട്ട് ആരംഭിക്കാൻ കാരണമായി. റിയാദിനെ ആഗോള നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് വ്യക്തമാക്കി.

വിഷൻ 2030 പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക്സ് ഹബ്ബായി മാറ്റാനുള്ള ശ്രമങ്ങൾ റിയാദ് എയറിലൂടെ വേഗത്തിലാവുകയാണ്. വരും മാസങ്ങളിൽ കൂടുതൽ രാജ്യങ്ങളിലേക്ക് സർവീസുകൾ വ്യാപിപ്പിക്കാനാണ് വിമാനക്കമ്പനി പദ്ധതിയിടുന്നത്.