ആകാശക്കുതിപ്പിന് റിയാദ് എയർ; ആദ്യത്തെ രണ്ട് വിമാനങ്ങൾ സൗദിയിലെത്തി

  1. Home
  2. International

ആകാശക്കുതിപ്പിന് റിയാദ് എയർ; ആദ്യത്തെ രണ്ട് വിമാനങ്ങൾ സൗദിയിലെത്തി

riyadh air


സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ 'റിയാദ് എയർ' തങ്ങളുടെ പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ട് ആദ്യത്തെ രണ്ട് വിമാനങ്ങൾ രാജ്യത്തെത്തിച്ചു. ബോയിങ് 787-9 ഡ്രീംലൈനർ വിഭാഗത്തിൽപ്പെട്ട ഈ അത്യാധുനിക വിമാനങ്ങൾ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വെള്ളിയാഴ്ച ലാൻഡ് ചെയ്തത്. റൺവേയിലെത്തിയ വിമാനങ്ങളെ പരമ്പരാഗത രീതിയിലുള്ള വാട്ടർ സല്യൂട്ട് നൽകിയാണ് അധികൃതർ വരവേറ്റത്.

'റിയാദ് 1', 'റിയാദ് 2' എന്ന് പേരിട്ടിരിക്കുന്ന ഈ വിമാനങ്ങൾ യഥാക്രമം HZ-RXAA, HZ-RXAB എന്നീ കോഡുകളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. റിയാദ് എയർ മൊത്തം ഓർഡർ നൽകിയിട്ടുള്ള 72 ഡ്രീംലൈനർ വിമാനങ്ങളിൽ ആദ്യത്തെ ര രണ്ടെണ്ണമാണ് ഇപ്പോൾ രാജ്യത്ത് എത്തിച്ചിരിക്കുന്നത്. വരും ആഴ്ചകളിൽ ഇതേ ഗണത്തിൽപ്പെട്ട കൂടുതൽ വിമാനങ്ങൾ റിയാദിൽ എത്തും.

അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ തങ്ങളുടെ വിമാനങ്ങളുടെ എണ്ണം 180 ലേക്ക് ഉയർത്താനാണ് റിയാദ് എയർ ലക്ഷ്യമിടുന്നത്. ഇതിൽ ദീർഘദൂര രാജ്യാന്തര സർവീസുകൾക്കായുള്ള വലിയ വിമാനങ്ങളും, ഹ്രസ്വദൂര സർവീസുകൾക്കായി ഉപയോഗിക്കുന്ന ചെറിയ വിമാനങ്ങളും ഉൾപ്പെടും. പുതിയ വിമാനങ്ങളുടെ വരവോടെ സൗദിയുടെ വ്യോമയാന മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.