റിയാദ് എയർ പറന്നുയർന്നു; ആദ്യ അന്താരാഷ്ട്ര സർവീസ് ലണ്ടനിലേക്ക്, ഉടൻ ഇന്ത്യയിലേക്കും
സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയർ സർവീസുകൾക്ക് തുടക്കം കുറിച്ചു. റിയാദിൽ നിന്നും ലണ്ടനിലേക്കായിരുന്നു ആദ്യ രാജ്യാന്തര സർവീസ്. നിശ്ചയിച്ചിരുന്നതിലും നേരത്തെയാണ് കൊമേഴ്ഷ്യൽ സർവീസ് ആരംഭിച്ചത്. ജൂലൈ ഒന്നിന് നടത്താനിരുന്ന ലണ്ടൻ സർവീസാണ് ഇന്നലെ വിജയകരമായി പൂർത്തിയാക്കിയത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഈ വർഷം തന്നെ റിയാദ് എയർ സർവീസ് ആരംഭിക്കും.
മറ്റു പ്രധാന റൂട്ടുകളിലേക്കുള്ള സർവീസുകളും ഈ മാസം തന്നെയുണ്ടാകും. ഈ മാസം 14-ന് ജിദ്ദയിലേക്കാണ് ആദ്യ ആഭ്യന്തര സർവീസ്. തുടർന്ന് ജൂൺ 18-ന് ദുബായിലേക്കും ജൂൺ 25-ന് കെയ്റോയിലേക്കും വിമാനങ്ങൾ പറന്നുയരും. മാഡ്രിഡിലേക്ക് ജൂലൈ 17-നും മാഞ്ചസ്റ്ററിലേക്ക് ജൂലൈ 23-നുമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. നിലവിൽ പ്രീമിയം സേവനങ്ങളുള്ള രണ്ട് വിമാനങ്ങൾ ഉപയോഗിച്ചാണ് സർവീസ് ആരംഭിച്ചിട്ടുള്ളത്.
സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (PIF) ഉടമസ്ഥതയിലുള്ളതാണ് റിയാദ് എയർ. എണ്ണയിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനക്കമ്പനി പ്രവർത്തനം തുടങ്ങിയത്. 2030-ഓടെ 180 വിമാനങ്ങൾ സ്വന്തമാക്കാനും റിയാദ് നഗരത്തെ ലോകത്തിലെ നൂറിലധികം നഗരങ്ങളുമായി ബന്ധിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ബാക്കിയുള്ള വിമാനങ്ങൾ വരും മാസങ്ങളിൽ നിരത്തിലിറങ്ങും.
