റിയാദ് ഇനി 'ഗ്രീൻ സിറ്റി'; അഞ്ച് വർഷത്തിനിടെ വികസിപ്പിച്ചത് പത്ത് ലക്ഷം ചതുരശ്ര മീറ്റർ ഹരിത ഇടങ്ങൾ

  1. Home
  2. International

റിയാദ് ഇനി 'ഗ്രീൻ സിറ്റി'; അഞ്ച് വർഷത്തിനിടെ വികസിപ്പിച്ചത് പത്ത് ലക്ഷം ചതുരശ്ര മീറ്റർ ഹരിത ഇടങ്ങൾ

riyadh city


സൗദി തലസ്ഥാനമായ റിയാദിനെ പരിസ്ഥിതി സൗഹൃദ നഗരമാക്കി മാറ്റാനുള്ള നഗരസഭയുടെ പദ്ധതികൾ വൻ വിജയത്തിലേക്ക്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പത്ത് ലക്ഷം ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് നഗരത്തിൽ പുതിയ ഹരിത ഇടങ്ങളും വിനോദ കേന്ദ്രങ്ങളും വികസിപ്പിച്ചത്. നിലവിൽ റിയാദിലെ വിവിധ ഭാഗങ്ങളിലായി 762 പാർക്കുകളും വിനോദ കേന്ദ്രങ്ങളുമാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നത്. താമസക്കാർക്ക് അവരുടെ വീടിനടുത്ത് തന്നെ വിശ്രമിക്കാനും വ്യായാമം ചെയ്യാനും സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാർക്കുകൾ സജ്ജമാക്കിയിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ മാസം ശരാശരി രണ്ട് എന്ന കണക്കിൽ 120 പുതിയ പാർക്കുകളാണ് നഗരത്തിൽ നിർമിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സസ്യോദ്യാനങ്ങളിൽ ഒന്നായ കിങ് അബ്ദുള്ള ഗാർഡൻ റിയാദിന്റെ കിരീടത്തിലെ പൊൻതൂവലായി മാറിക്കഴിഞ്ഞു. 1.5 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ ഉദ്യാനത്തിൽ ജല ഉദ്യാനങ്ങൾ, കുട്ടികൾക്കായുള്ള വിനോദസ്ഥലങ്ങൾ, പക്ഷികൾക്കുള്ള പ്രത്യേക ഇടങ്ങൾ, മരുഭൂമിയിലെ സസ്യങ്ങളുടെ ശേഖരം എന്നിങ്ങനെ വൈവിധ്യമാർന്ന കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്.

നഗരത്തിന്റെ സുസ്ഥിര വികസനവും ജനങ്ങളുടെ ആരോഗ്യകരമായ ജീവിതശൈലിയും മുൻനിർത്തി ഹരിത ഇടങ്ങൾ ഇനിയും വർധിപ്പിക്കാനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. റിയാദിനെ ലോകത്തിലെ ഏറ്റവും മികച്ച ജീവിതനിലവാരമുള്ള നഗരങ്ങളിൽ ഒന്നായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ നൂതനമായ പാർക്കുകളും വിനോദ കേന്ദ്രങ്ങളും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സജ്ജമാകും.