ടോയ്ലെറ്റ് സീറ്റിലിരിക്കുന്ന സ്ത്രീയുടെ ചിത്രമെടുത്ത് വാക്വം ക്ലീനര്‍

  1. Home
  2. International

ടോയ്ലെറ്റ് സീറ്റിലിരിക്കുന്ന സ്ത്രീയുടെ ചിത്രമെടുത്ത് വാക്വം ക്ലീനര്‍

robot-vacuum-cleaner-took-images-of-a-woman-sitting-on-a-toilet-seat


റോബോട്ടിക് വാക്വം ക്ലീനർ ഇന്ന് മിക്ക വീടുകളുടെയും ഭാഗമായി കഴിഞ്ഞു. നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ഈ വീട്ടുപകരണത്തിന് ആവശ്യക്കാരുമേറെയാണ്. മെക്കാനിക്കൽ സെൻസറുകൾ, ഒപ്റ്റിക്കൽ സെൻസറുകൾ, പ്രത്യേക സോഫ്റ്റ്‌വെയർ എന്നിവ അടിസ്ഥാനമാക്കിയുള്ള റോബോട്ടിക് വാക്വം ക്ലീനറുകൾ ഏറെക്കുറെ തനിയെയാണ് പ്രവർത്തിക്കുന്നത്. വ്യത്തിയാക്കേണ്ട സ്ഥലം ഏതാണോ അത് മാപ്പ് ചെയ്ത് കൊടുക്കുന്ന പണി മാത്രമേയുള്ളൂ. നിശ്ചിത സമയത്തിനകം പണി തീർത്ത് തരും. 

ഇത്തരം ഉപകരണങ്ങളെ കണ്ണടച്ച് വിശ്വസിക്കാൻ വരട്ടെ. തരം കിട്ടിയാൽ ഇവയെ സ്വകാര്യതയിലേക്ക് കൈ കടത്തും. അതിന് തെളിവാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന റിപ്പോർട്ടുകൾ. ഒരു സ്ത്രീ ടോയ്‌ലറ്റ് സീറ്റിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങൾ പകർത്തിയതാണ് ഏറെ ചർച്ചയായത്. ഇവ പിന്നീട് സോഷ്യൽ മീഡിയയിൽ വരികയും ചെയ്തു. 2020-ൽ വെനെസ്വലയിലാണ് സംഭവം. ഐ റോബോട്ടിന്റെ റൂംബാ ജെ7 വാക്വം ക്ലീനർ റോബോട്ടിലാണ് ഇങ്ങനെയൊരു സുരക്ഷാ വീഴ്ചയുണ്ടായത്. എംഐടി ടെക്ക് റിവ്യൂ വെബ്‌സൈറ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എ.ഐ സേവനങ്ങൾ നൽകുന്ന കമ്പനിയിൽ നിന്നാണ് ചിത്രങ്ങൾ ചോർന്നിരിക്കുന്നത്. എഐ സേവനങ്ങൾ നൽകുന്ന കമ്പനിയിൽ നിന്നാണ് ചിത്രം ചോർന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം ഉപകരണങ്ങൾ വീടിനുള്ളിൽ ഉൾപ്പെടുത്തുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഈ രംഗത്തെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വീടിനുള്ളിൽ പലയിടങ്ങളിൽ നിന്നായി വാക്വം ക്ലീനർ പകർത്തിയ ചിത്രങ്ങൾ സ്‌കേൽ എ ഐ എന്ന സ്റ്റാർട്ട്അപ്പിലെ ജീവനക്കാർ വഴിയാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. എ ഐ ഉപകരണങ്ങളെ പരിശീലിപ്പിക്കുന്നതിന് വീഡിയോകളും ചിത്രങ്ങളും ശബ്ദങ്ങളുമെല്ലാം ലേബൽ ചെയ്യുന്ന കരാർ അടിസ്ഥാനത്തിലുള്ള സേവനം നൽകുന്ന സ്റ്റാർട്ട്അപ്പ് ആണ് സ്‌കേൽ എ.ഐ.

ലോകത്തിലെ തന്നെ ഏറ്റവും വലിയ  റോബോട്ടിക് വാക്വം ക്ലീനർ നിർമാതാക്കളാണ്  ഐ റോബോട്ട്. ഇപ്പോഴിതാ ഇക്കൂട്ടരെ ആമസോൺ ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ്.  ചിത്രങ്ങൾ റൂംബാ വാക്വം ക്ലീനർ പകർത്തിയതാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ചിത്രങ്ങൾ എടുക്കുന്നതടക്കം വാക്വം ക്ലീനർ ശേഖരിക്കുന്ന ഡാറ്റ എങ്ങനെയെല്ലാമാണ് ഉപയോഗിക്കുക എന്ന് ഉപഭോക്താക്കളെ അറിയിച്ചിരുന്നുവെന്ന് കമ്പനി പറയുന്നു. ഈ സംഭവത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചുള്ള ചർച്ചയ്ക്ക് ചൂടേറിയിരിക്കുകയാണ്.  ആമസോൺ അലക്സ പോലുള്ള ഉപകരണങ്ങൾ സ്വകാര്യ ഇടങ്ങളിൽ വയ്ക്കരുതെന്നാണ് നിലവിൽ വിദഗ്ധർ നല്കുന്ന നിർദേശം.