ട്രക്ക് ഡ്രൈവർമാർക്ക് ബോധവത്കരണവും മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
റോഡുകളിൽ അപകടകരമായ ഡ്രൈവിങ് ഒഴിവാക്കണമെന്ന് ഭാരവാഹന ഡ്രൈവർമാർക്ക് നിർദേശം നൽകി റോയൽ ഒമാൻ പൊലീസ്. ഗതാഗത സുരക്ഷാ ഡയറക്ടറേറ്റ് ജനറൽ പുറത്തിറക്കിയ പ്രത്യേക ബോധവത്കരണ വീഡിയോയിലൂടെയാണ് മുന്നറിയിപ്പ് കൈമാറിയത്. ഒമാനിലെ മലയോര മേഖലകളിലും മരുഭൂമി പാതകളിലും ട്രക്കുകൾ സഞ്ചരിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള സുരക്ഷാ അപകടങ്ങളെക്കുറിച്ച് വിഡിയോയിൽ വ്യക്തമാക്കുന്നു.
ട്രക്കുകളിൽ അനുവദനീയമായതിലും കൂടുതൽ ഭാരം കയറ്റുന്നത് വാഹനത്തിന്റെ സന്തുലിതാവസ്ഥ തെറ്റിക്കുകയും അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യുമെന്ന് റോയൽ ഒമാൻ പൊലീസ് ചൂണ്ടിക്കാട്ടി. രാത്രികാലങ്ങളിൽ പിൻവശത്തെ ലൈറ്റുകൾ തകരാറിലാകുന്നതും, ലൈറ്റുകൾ ഇല്ലാതെ സർവീസ് നടത്തുന്നതും, മറ്റ് വാഹനങ്ങളുടെ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള ഡ്രൈവിങ് രീതികളും വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
മുഴുവൻ ട്രക്ക് ഡ്രൈവർമാരും റോഡ് സുരക്ഷാ മാനദണ്ഡങ്ങളും ഗതാഗത നിയമങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു. സുരക്ഷിതമായ ഡ്രൈവിങ് ഓരോ വാഹനമോടിക്കുന്നയാളുടെയും ഉത്തരവാദിത്തമാണെന്നും ആർ.ഒ.പി വ്യക്തമാക്കി.
