ഔദ്യോഗിക വാട്സ്ആപ്പ് ചാനലുമായി റോയൽ ഒമാൻ പൊലീസ്
പൊതുജനങ്ങളുമായി നേരിട്ടുള്ള ആശയവിനിമയം ശക്തമാക്കുന്നതിനും ഔദ്യോഗിക വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുമായി റോയൽ ഒമാൻ പൊലീസ് (ROP) ഔദ്യോഗിക വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു. സുപ്രധാന അറിയിപ്പുകൾ, ബോധവൽക്കരണ സന്ദേശങ്ങൾ, ട്രാഫിക് അപ്ഡേറ്റുകൾ എന്നിവ ഇനി മുതൽ ഈ പ്ലാറ്റ്‌ഫോമിലൂടെ പൊതുജനങ്ങൾക്ക് നേരിട്ട് ലഭിക്കും.
ഡിജിറ്റൽ സാങ്കേതികവിദ്യ വഴി വ്യാജ വാർത്തകൾ തടഞ്ഞ്, സുരക്ഷിതവും സ്ഥിരീകരിച്ചതുമായ വിവരങ്ങൾ വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ആർ.ഒ.പിയുടെ ലക്ഷ്യം. അടിയന്തര സാഹചര്യങ്ങളിലും അസാധാരണമായ സംഭവങ്ങളിലും നിർണായക മുന്നറിയിപ്പുകൾ നൽകാനും ഈ ചാനൽ ഉപയോഗിക്കും. പൊതുജനങ്ങളുടെ ആവശ്യപ്രകാരമാണ് ഒമാനിൽ ഏറെ ജനപ്രിയമായ വാട്സ്ആപ്പിൽ ഇങ്ങനെയൊരു സംവിധാനം ഒരുക്കിയത്.
ആർ.ഒ.പിയുടെ സോഷ്യൽ മീഡിയ പേജുകളിൽ നൽകിയിട്ടുള്ള ക്യുആർ (QR) കോഡ് സ്കാൻ ചെയ്തോ ഔദ്യോഗിക വെബ്‌സൈറ്റിലെ ലിങ്ക് വഴിയോ സ്വദേശികൾക്കും പ്രവാസികൾക്കും സന്ദർശകർക്കും ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാം.
