ഖരീഫ് സീസൺ സ്മാരക നമ്പർ പ്ലേറ്റുകൾ: ഓൺലൈൻ അപേക്ഷകൾ ആരംഭിച്ച് റോയൽ ഒമാൻ പൊലീസ്

  1. Home
  2. International

ഖരീഫ് സീസൺ സ്മാരക നമ്പർ പ്ലേറ്റുകൾ: ഓൺലൈൻ അപേക്ഷകൾ ആരംഭിച്ച് റോയൽ ഒമാൻ പൊലീസ്

khareef number plates


സലാലയിലെ ഖരീഫ് സീസണിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സവിശേഷമായ വെള്ളി നിറത്തിലുള്ള സ്മാരക വാഹന നമ്പർ പ്ലേറ്റുകൾക്കായി ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി റോയൽ ഒമാൻ പൊലീസ് (ROP) അറിയിച്ചു. വാഹന ഉടമകൾക്ക് തങ്ങളുടെ നിലവിലുള്ള രജിസ്ട്രേഷൻ നമ്പർ തന്നെ നിലനിർത്തിക്കൊണ്ട് ഈ പ്രത്യേക പതിപ്പ് പ്ലേറ്റുകൾ ഡിജിറ്റൽ സംവിധാനത്തിലൂടെ സ്വന്തമാക്കാവുന്നതാണ്.

പൗരന്മാർക്കും പ്രവാസികൾക്കും അപേക്ഷാ നടപടികൾ എളുപ്പമാക്കുന്നതിനും ആർഒപി സേവന കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കുന്നതിനുമായാണ് ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ പ്രത്യേക സ്മാരക നമ്പർ പ്ലേറ്റുകൾക്ക് ഡിസംബർ 31 വരെ മാത്രമായിരിക്കും പ്രാബല്യമുണ്ടാവുകയെന്നും അധികൃതർ വ്യക്തമാക്കി.

അപേക്ഷിക്കേണ്ട വിധം:

  • ആർഒപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പോർട്ടൽ വഴിയോ മൊബൈൽ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാം.
  • ആപ്പിൽ ലോഗിൻ ചെയ്ത ശേഷം 'ഡോക്യുമെന്റ്സ് സർവീസസ്' (Document Services) വിഭാഗം തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ വാഹനം സെലക്ട് ചെയ്ത ശേഷം 'റിക്വസ്റ്റ് ദോഫാർ ഖരീഫ് പ്ലേറ്റ്സ്' (Request Dhofar Khareef Plates) എന്ന ഓപ്ഷൻ നൽകുക.
  • വാഹനത്തിന്റെ മുൻവശത്തേക്കും പിൻവശത്തേക്കുമുള്ള പ്ലേറ്റുകളുടെ വലിപ്പം (വാഹനത്തിന്റെ തരം അനുസരിച്ച്) തിരഞ്ഞെടുക്കാവുന്നതാണ്.
  • പ്ലേറ്റ് കൈപ്പറ്റാൻ ഉദ്ദേശിക്കുന്ന ആർഒപി സേവന കേന്ദ്രവും ബന്ധപ്പെടാനുള്ള വിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുക.
  • നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച ശേഷം ബാങ്ക് കാർഡ് വിവരങ്ങൾ നൽകി ഓൺലൈനായി പണമടയ്ക്കാം.

അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാൽ പ്ലേറ്റുകൾ തയ്യാറാകുന്ന മുറയ്ക്ക്, തിരഞ്ഞെടുത്ത സേവന കേന്ദ്രത്തിൽ നിന്ന് അവ കൈപ്പറ്റാനുള്ള അറിയിപ്പ് അപേക്ഷകർക്ക് ലഭിക്കും.