ദുബായിൽ പുതിയ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾക്ക് അനുമതി നൽകി ആർടിഎ; നിക്ഷേപകർക്ക് വൻ അവസരം
ദുബായിൽ പുതിയ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾക്കും അവയുടെ ശാഖകൾക്കും ലൈസൻസ് നൽകുന്നതിനുള്ള മേഖലകൾ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) വിപുലീകരിച്ചു. നഗരത്തിലെ പുതിയ ജനവാസ മേഖലകളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനും യാത്രാക്ലേശം കുറയ്ക്കുന്നതിനുമാണ് ഈ സുപ്രധാന തീരുമാനം. നിലവിലുള്ള സ്ഥാപനങ്ങൾക്കും പുതിയ നിക്ഷേപകർക്കും വലിയ ബിസിനസ് സാധ്യതകളാണ് ഇതിലൂടെ തുറന്നു കിട്ടുന്നത്.
വാദി അൽ സഫ, ജബൽ അലി, മുഷ്‌രിഫ്, അൽ മക്തൂം സിറ്റി, മദീനത്ത് ഹിന്ദ് എന്നീ പുതിയ മേഖലകളിലാണ് ഡ്രൈവിങ് സ്കൂളുകൾ തുടങ്ങാൻ പുതുതായി അനുമതിയുള്ളത്. താൽപര്യമുള്ളവർക്ക് നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് പുതിയ ശാഖകൾക്കായി അപേക്ഷിക്കാം. ഈ മേഖലകളിലെ താമസക്കാർക്ക് ഡ്രൈവിങ് പരിശീലനത്തിനായി ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.
പുതിയ നിക്ഷേപകർക്ക് ആവശ്യമായ എല്ലാ പിന്തുണയും ആർടിഎ ഉറപ്പുനൽകുന്നുണ്ട്. നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി അപേക്ഷകൾ വേഗത്തിൽ പരിശോധിച്ച് അനുമതി നൽകും. ഈ രംഗത്ത് സ്വകാര്യ പങ്കാളിത്തം ശക്തമാക്കുന്നത് വഴി ഡ്രൈവർമാരുടെ നൈപുണ്യവും റോഡ് സുരക്ഷയും വർധിപ്പിക്കാൻ സാധിക്കുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ.
