ഡെലിവറി റൈഡർമാർക്ക് ആശ്വാസമായി ആർടിഎ; ദുബായിൽ 40 ശീതീകരിച്ച വിശ്രമകേന്ദ്രങ്ങൾ തുറന്നു

  1. Home
  2. International

ഡെലിവറി റൈഡർമാർക്ക് ആശ്വാസമായി ആർടിഎ; ദുബായിൽ 40 ശീതീകരിച്ച വിശ്രമകേന്ദ്രങ്ങൾ തുറന്നു

food delivery


കടുത്ത വേനൽച്ചൂടിൽ നഗരത്തിലെ ഡെലിവറി റൈഡർമാർക്ക് ആശ്വാസമേകി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (RTA) പുതിയ പദ്ധതി. റൈഡർമാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ 40 ശീതീകരിച്ച ആധുനിക വിശ്രമകേന്ദ്രങ്ങൾ ആർടിഎ സജ്ജമാക്കി. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനും ഒപ്പം ഡെലിവറി ജീവനക്കാരുടെ ജോലി സാഹചര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഹെസ്സ സ്ട്രീറ്റ്, അൽ ഖവാനീജ്, അൽ ബർഷ, അൽ സത്‌വ, ഊദ് മേത്ത, കരാമ, അർജാൻ തുടങ്ങിയ ദുബായിലെ ഏറ്റവും തിരക്കേറിയതും ഡെലിവറി ആവശ്യകത കൂടുതലുള്ളതുമായ പ്രധാന മേഖലകളിലാണ് ഈ വിശ്രമകേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. ഡെലിവറി കമ്പനികളുമായി സഹകരിച്ച് നടത്തിയ പഠനങ്ങളുടെയും കൃത്യമായ വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ സ്ഥലങ്ങൾ തിരഞ്ഞെടുത്തത്. വേഗത്തിൽ വളരുന്ന ഡെലിവറി മേഖലയിലെ ജീവനക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ പുതിയ നീക്കം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ഈ കേന്ദ്രങ്ങളിൽ തണുത്ത കുടിവെള്ളം, മൊബൈൽ ഫോൺ ചാർജിങ് പോർട്ടുകൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഒരേസമയം പത്തോളം റൈഡർമാർക്ക് സുഖമായി വിശ്രമിക്കാനാകുന്ന വിധത്തിലാണ് ഇവയുടെ രൂപകൽപ്പന. കൂടാതെ, ഡെലിവറി ബൈക്കുകൾ സുരക്ഷിതമായി പാർക്ക് ചെയ്യാനുള്ള പ്രത്യേക സൗകര്യവും ഇതിനൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ദുബായിലെ കൂടുതൽ സ്ഥലങ്ങളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാനാണ് ആർടിഎയുടെ തീരുമാനം.