ഇറാനും യു.എസും കരാറിലെത്തുന്നതിൽ പരാജയപ്പെട്ടുവെന്ന പ്രചാരണങ്ങൾ വ്യാജം: ഖത്തർ
യു.എസും ഇറാനും തമ്മിൽ കരാറിലെത്തുന്നതിൽ പരാജയപ്പെട്ടുവെന്ന രീതിയിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തിയെന്ന പ്രചാരണം വ്യാജമാണെന്ന് ഖത്തർ. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമാണെന്ന് ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫിസ് വ്യക്തമാക്കി.
മേഖലയിൽ സംഘർഷവും അസ്ഥിരതയും തുടരണമെന്ന് ആഗ്രഹിക്കുന്ന ചില ഗ്രൂപ്പുകളാണ് ഇത്തരം തെറ്റായ പ്രചാരണങ്ങൾക്ക് പിന്നിൽ. നയതന്ത്ര ശ്രമങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ കരാറിലെത്തുന്നതിനായുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്നും അന്താരാഷ്ട്ര മീഡിയ ഓഫിസ് വ്യക്തമാക്കി.
