യുക്രൈനില്‍ വീണ്ടും റഷ്യൻ ഡ്രോണ്‍ ആക്രമണം; ഒമ്പതുപേര്‍ കൊല്ലപ്പെട്ടു

  1. Home
  2. International

യുക്രൈനില്‍ വീണ്ടും റഷ്യൻ ഡ്രോണ്‍ ആക്രമണം; ഒമ്പതുപേര്‍ കൊല്ലപ്പെട്ടു

rushya


 

യുക്രൈനില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ. വടക്കു കിഴക്കന്‍ യുക്രൈനില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ദാരുണമായ സംഭവത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെടുകയും പതിമൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് യുക്രൈന്‍ പ്രസിഡന്‍റ്  വ്ലാദിമിര്‍ സെലന്‍സ്കി വ്യക്തമാക്കി. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. സുമി നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിന് നേരെയാണ് റഷ്യ ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ അമ്പതിലധികം അപ്പാര്‍ട്ട്മെന്‍റുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം ഉണ്ടായി. അഞ്ച് അപ്പാര്‍ട്ട്മെന്‍റുകള്‍ പൂര്‍ണമായി തകര്‍ന്നു. ഇരുപതിലധികം കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. റഷ്യയുടെ കുര്‍സ്ക് പ്രവിശ്യയുടെ അതിര്‍ത്തിയായി നിലനില്‍ക്കുന്ന ഈ പ്രദേശത്ത് റഷ്യ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്താറുണ്ട്.  തെക്കന്‍ ഒഡേസ മേഖലയില്‍ അര്‍ധരാത്രി റഷ്യ നടത്തിയ ആക്രമണത്തില്‍ ഒരു ആശുപത്രിയും രണ്ട് വീടുകളും തകര്‍ന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

സുമിയിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും കൃത്യമായി ശേഖരിക്കുന്നുണ്ടെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും സെലന്‍സ്കി തന്‍റെ പ്രസംഗത്തിലൂടെ രാജ്യത്തെ അറിയിച്ചു. ''ഇത്തരം ആക്രമണങ്ങള്‍ റഷ്യയുടെ തന്ത്രമാണ്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഒരു കെട്ടിടത്തിന് നേരെ നടത്തിയ ആക്രമണം ക്രൂരമാണ്. നഷ്ടപ്പെടുന്ന ഓരോ ജീവനും ലോകം ഉത്തരം പറയേണ്ടതുണ്ട്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെ പോകില്ല'' എന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.