പുതിയ എ.ഐ വക്താവ് 'സായിദ്'; ഡിജിറ്റൽ രംഗത്ത് ചരിത്ര ചുവടുവെപ്പുമായി യു.എ.ഇ

  1. Home
  2. International

പുതിയ എ.ഐ വക്താവ് 'സായിദ്'; ഡിജിറ്റൽ രംഗത്ത് ചരിത്ര ചുവടുവെപ്പുമായി യു.എ.ഇ

zayed


ആധുനിക സാങ്കേതികവിദ്യകളുടെ വികസനത്തിൽ വീണ്ടുമൊരു നിർണായക ചുവടുവെപ്പുമായി യു.എ.ഇ സർക്കാർ 'സായിദ്' എന്ന് പേരിട്ടിരിക്കുന്ന പുതിയ എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വക്താവിനെ പുറത്തിറക്കി. യു.എ.ഇ പ്രസിഡൻഷ്യൽ കോർട്ടിലെ ഇന്റർനാഷണൽ അഫയേഴ്സ് ഓഫീസിന്റെ ഔദ്യോഗിക ഡിജിറ്റൽ മുഖമായാണ് 'സായിദ്' പ്രവർത്തിക്കുക.

ഓഫീസിന്റെ വിവിധ പദ്ധതികൾ, തന്ത്രപ്രധാനമായ മുൻഗണനകൾ, അന്താരാഷ്ട്ര ഇടപെടലുകൾ എന്നിവ ആഗോളതലത്തിൽ കൂടുതൽ വേഗത്തിലും കൃത്യതയോടും കൂടി ആശയവിനിമയം നടത്താൻ ഈ പുതിയ എ.ഐ വക്താവ് സഹായിക്കും. യഥാർത്ഥ മനുഷ്യരുമായി സംവദിക്കുന്നതുപോലെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ തത്സമയം വിവരങ്ങൾ പങ്കുവെക്കാൻ ഇതിന് സാധിക്കും. സ്വദേശത്തും വിദേശത്തുമുള്ള പൊതുജനങ്ങളുമായി, പ്രത്യേകിച്ച് യുവതലമുറയുമായി മികച്ച രീതിയിൽ കണക്ട് ചെയ്യാൻ ഈ സംവിധാനം വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യു.എ.ഇ നാഷണൽ സ്ട്രാറ്റജി ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 2031-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഗവൺമെന്റ് സേവനങ്ങളിൽ ഡിജിറ്റൽ പരിവർത്തനം ശക്തമാക്കുന്നതിനും ഈ പുതിയ ചുവടുവെപ്പ് വലിയ കരുത്താകും.