പിഴ ഒഴിവാക്കാൻ WPS വഴി ശമ്പളം; ഓർമ്മപ്പെടുത്തലുമായി ഒമാൻ തൊഴിൽ മന്ത്രാലയം
നിയമപരമായ നടപടികളും പിഴയും ഒഴിവാക്കുന്നതിനായി തൊഴിലാളികളുടെ ശമ്പളം വേജ് പ്രൊട്ടക്ഷൻ സിസ്റ്റം (WPS) വഴി കൃത്യസമയത്ത് കൈമാറണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. എല്ലാ സ്ഥാപനങ്ങളും അവരുടെ തൊഴിലാളികളിൽ കുറഞ്ഞത് 90 ശതമാനം പേരുടെയും ശമ്പളം വേതന സംരക്ഷണ സംവിധാനം വഴി തന്നെ കൈമാറണം. നവംബർ മാസത്തെ ശമ്പളം മുതൽ ഇത് ബാധകമാണ്.
സെപ്റ്റംബർ 29-ന് മന്ത്രാലയം പുറപ്പെടുവിച്ച മുൻ ഉത്തരവിന്റെ തുടർച്ചയായാണ് ഈ ഓർമ്മപ്പെടുത്തൽ. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പിഴയീടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ജീവനക്കാരൻ ശമ്പളത്തിന് അർഹനാകുന്ന തീയതി മുതൽ പരമാവധി മൂന്ന് ദിവസത്തിനുള്ളിൽ ബാങ്ക് അക്കൗണ്ട് വഴി വേതനം നൽകിയിരിക്കണമെന്നതാണ് പ്രധാന നിർദ്ദേശം.
കൈമാറ്റം ചെയ്യപ്പെടുന്ന വേതനം തൊഴിൽ കരാറിലെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും അനുസൃതമായിരിക്കണം. അടിസ്ഥാന ശമ്പളത്തിന് പുറമെ അധിക അലവൻസുകൾ, ഓവർടൈം വേതനം എന്നിവ ഉണ്ടെങ്കിലോ മറ്റെന്തെങ്കിലും കിഴിവുകൾ നടത്തുന്നുണ്ടെങ്കിലോ അവ കൃത്യമായി രേഖപ്പെടുത്തണമെന്നും മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
