കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളിൽ തിയതി തിരുത്തി വിൽപ്പന; ബഹ്‌റൈനിൽ സ്ഥാപന ഉടമയ്ക്ക് മൂന്ന് വർഷം തടവും ഒരു ലക്ഷം ദിനാർ പിഴയും
ബഹ്‌റൈനിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ തിയതി തിരുത്തി വിറ്റ കേസിൽ സ്ഥാപന ഉടമയ്ക്ക് മൂന്ന് വർഷം തടവും 1.01 ലക്ഷം ദിനാർ പിഴയും ശിക്ഷ വിധിച്ചു. കേടായ ഭക്ഷ്യവസ്തുക്കൾ കൈവശം വയ്ക്കുകയും വിപണനം നടത്തുകയും ചെയ്തെന്ന് വ്യക്തമായതോടെയാണ് ബഹ്‌റൈൻ ലോവർ ക്രിമിനൽ കോടതി വിധി പ്രസ്താവിച്ചത്.
കേസിൽ പ്രതികളായ രണ്ട് പ്രവാസി ജീവനക്കാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവർക്ക് യഥാക്രമം രണ്ട് വർഷം, ഒരു വർഷം എന്നിങ്ങനെ തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്തുനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. സ്ഥാപന ഉടമയുടെ ഗോഡൗൺ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടന്നിരുന്നത്. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളിൽ പുതിയ തിയതികൾ പതിപ്പിച്ച് വിപണിയിൽ എത്തിക്കുകയായിരുന്നു ഇവരുടെ രീതി.
സ്ഥാപനത്തിലെ തന്നെ ഒരു ജീവനക്കാരൻ നൽകിയ പരാതിയെത്തുടർന്ന് വാണിജ്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. കേടായ ഭക്ഷ്യവസ്തുക്കൾ കൈവശം വയ്ക്കുക, തിയതികളിൽ കൃത്രിമം കാട്ടി വിതരണം ചെയ്യുക, മതിയായ ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിപ്പിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
