ഗസ്സയിലേക്ക് സഹായവുമായി സഖർ ഹ്യുമാനിറ്റേറിയൻ കപ്പൽ; കരുതലുമായി റാസൽഖൈമ

  1. Home
  2. International

ഗസ്സയിലേക്ക് സഹായവുമായി സഖർ ഹ്യുമാനിറ്റേറിയൻ കപ്പൽ; കരുതലുമായി റാസൽഖൈമ

rak


യുദ്ധക്കെടുതി അനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് അടിയന്തര സഹായമെത്തിക്കാൻ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിൻ സഖർ അൽ ഖാസിമി നിർദ്ദേശം നൽകി. സഖർ ബിൻ മുഹമ്മദ് അൽ ഖാസിമി ചാരിറ്റി ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സമാഹരിക്കുന്ന ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ‘സഖർ ഹ്യുമാനിറ്റേറിയൻ കപ്പൽ’ വഴി ഗസ്സയിലെത്തിക്കും. ദുരിതബാധിതരായ ജനതയോടൊപ്പം നിൽക്കുന്ന യു.എ.ഇയുടെ ഉറച്ച മനുഷ്യാവകാശ പ്രതിബദ്ധതയാണ് ഈ ദൗത്യത്തിലൂടെ വീണ്ടും പ്രകടമാകുന്നത്.

ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇ ആവിഷ്കരിച്ച ‘ഓപറേഷൻ ഗാലന്റ് നൈറ്റ് 3’ എന്ന ബൃഹദ് ദൗത്യത്തിന്റെ ഭാഗമായാണ് റാസൽഖൈമയിൽ നിന്നുള്ള ഈ സഹായക്കപ്പൽ പുറപ്പെടുന്നത്. യുദ്ധത്തിന്റെ തുടക്കം മുതൽ തന്നെ ഗസ്സയിലേക്ക് കര, വ്യോമ, കടൽ മാർഗ്ഗങ്ങളിലൂടെ യു.എ.ഇ നിരന്തരം സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്ന മുൻനിര രാജ്യങ്ങളിൽ ഒന്നായി ഐക്യരാഷ്ട്രസഭ കഴിഞ്ഞ നവംബറിൽ യു.എ.ഇയെ വിലയിരുത്തിയിരുന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ പേരിൽ 7,300 ടൺ സഹായവസ്തുക്കളുമായി ഒരു കപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റാസൽഖൈമയിൽ നിന്നുള്ള പുതിയ ദൗത്യം. ആവശ്യമായ ഭക്ഷണപദാർത്ഥങ്ങൾ, തണുപ്പുകാല വസ്ത്രങ്ങൾ, കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ട പോഷക സപ്ലിമെന്റുകൾ എന്നിവയാണ് പ്രധാനമായും സഖർ ഹ്യുമാനിറ്റേറിയൻ കപ്പലിൽ ഗസ്സയിലേക്ക് കൊണ്ടുപോകുന്നത്.