ഡ്രൈവറില്ലാ വാഹനങ്ങൾ യാഥാർത്ഥ്യമാക്കാൻ സൗദി എ.ഐ കമ്പനിയും ‘എൻവിഡിയ’യും കൈകോർക്കുന്നു

  1. Home
  2. International

ഡ്രൈവറില്ലാ വാഹനങ്ങൾ യാഥാർത്ഥ്യമാക്കാൻ സൗദി എ.ഐ കമ്പനിയും ‘എൻവിഡിയ’യും കൈകോർക്കുന്നു

saudi


സൗദി അറേബ്യയിൽ ഡ്രൈവറില്ലാ കാറുകളും ബസുകളും നിരത്തിലിറക്കാനുള്ള ബൃഹദ് പദ്ധതിയുമായി സൗദിയുടെ ഔദ്യോഗിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ‘ഹ്യൂമൻ’. ഇതിനായി ആഗോള സാങ്കേതികവിദ്യാ ഭീമന്മാരായ അമേരിക്കയുടെ ‘എൻവിഡിയ’യുമായി (NVIDIA) കമ്പനി തന്ത്രപ്രധാനമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. രാജ്യത്ത് സെൽഫ് ഡ്രൈവിങ് വാഹനങ്ങൾ സുരക്ഷിതമായി ഓടിക്കുന്നതിനാവശ്യമായ സ്മാർട്ട് സംവിധാനങ്ങളും ആധുനിക അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുകയാണ് ഈ കൂട്ടുകെട്ടിന്റെ ലക്ഷ്യം.

എൻവിഡിയയുടെ അത്യാധുനിക കമ്പ്യൂട്ടർ സാങ്കേതികവിദ്യയായ ‘ഡ്രൈവ് ഹൈപ്പീരിയൻ’ (DRIVE Hyperion) അടിസ്ഥാനമാക്കിയാകും ഹ്യൂമൻ ഈ പദ്ധതി നടപ്പിലാക്കുക. പൂർണ്ണമായും മനുഷ്യസഹായമില്ലാതെ സ്വയം നിയന്ത്രിക്കാൻ ശേഷിയുള്ള (ലെവൽ 4) അത്യാധുനിക വാഹനങ്ങൾക്ക് ആവശ്യമായ കൃത്രിമബുദ്ധി സംവിധാനങ്ങൾ ഒരുക്കാൻ ഈ പങ്കാളിത്തം വഴി സാധിക്കും. ഇതോടെ സൗദിയിലെ പ്രമുഖ നഗരങ്ങളിൽ സ്മാർട്ട് യാത്രാസംവിധാനങ്ങൾ അതിവേഗം യാഥാർത്ഥ്യമാകും.

എൻവിഡിയയുടെ ഉയർന്ന കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിലൂടെ കൂടുതൽ കൃത്യതയോടും സുരക്ഷിതത്വത്തോടും കൂടി ഇത്തരം വാഹനങ്ങൾ റോഡിലിറക്കാൻ സാധിക്കുമെന്ന് ഹ്യൂമൻ കമ്പനി വ്യക്തമാക്കി. ഗതാഗത മേഖലയെ ഡിജിറ്റൽ സാങ്കേതികവിദ്യയുമായി സമന്വയിപ്പിക്കുന്ന ഈ പുതിയ ചുവടുവെപ്പ് സൗദി അറേബ്യയുടെ യാത്രാമേഖലയെ കൂടുതൽ പരിസ്ഥിതി സൗഹൃദവും നൂതനവുമായ ഭാവിയിലേക്ക് നയിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.