പരാതികൾ കുറഞ്ഞ വിമാനക്കമ്പനിയായി സൗദി എയർലൈൻസ്; തൊട്ടുപിന്നിൽ ഫ്ലൈനാസ്
ഏറ്റവും കുറഞ്ഞ പരാതികൾ രേഖപ്പെടുത്തിയ വിമാനക്കമ്പനിയെന്ന നേട്ടവുമായി സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ 'സൗദിയ'. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) പുറത്തുവിട്ട കഴിഞ്ഞ മാസത്തെ കണക്കുകളിലാണ് സൗദിയ ഒന്നാമതെത്തിയത്. പ്രമുഖ ബജറ്റ് എയർലൈനായ ഫ്ലൈനാസ് രണ്ടാം സ്ഥാനത്തും ഫ്ലൈഅദീൽ മൂന്നാം സ്ഥാനത്തുമെത്തി.
കഴിഞ്ഞ മാസത്തിൽ രാജ്യത്തെ വിവിധ വിമാനക്കമ്പനികൾക്കെതിരെ ആകെ 1,965 പരാതികളാണ് ലഭിച്ചത്. ഇതിൽ ഓരോ ലക്ഷം യാത്രക്കാർക്കും 39 പരാതികൾ മാത്രം രേഖപ്പെടുത്തിയാണ് സൗദിയ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ലഭിച്ച പരാതികളിൽ 89 ശതമാനവും കൃത്യ സമയത്തിനുള്ളിൽ പരിഹരിക്കാൻ സൗദിയക്ക് സാധിച്ചു.
രണ്ടാം സ്ഥാനത്തുള്ള ഫ്ലൈനാസിന് ഒരു ലക്ഷം യാത്രക്കാർക്ക് 56 പരാതികൾ എന്ന തോതിലാണ് ലഭിച്ചത്. ഫ്ലൈഅദീൽ തൊട്ടുപിന്നാലെയുണ്ട്. വിമാന സർവീസുകളിലെ വൈകൽ, ടിക്കറ്റ് സംബന്ധമായ പ്രശ്നങ്ങൾ, ബാഗേജ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഭൂരിഭാഗം പരാതികളും. അതേസമയം, രാജ്യത്തെ വിമാനത്താവളങ്ങളുടെ വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ പരാതികളുമായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാമതെത്തി.
