യമന് കൈത്താങ്ങായി വീണ്ടും സൗദി അറേബ്യ; 130 കോടി റിയാലിന്റെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു
ആഭ്യന്തര പ്രതിസന്ധികൾ നേരിടുന്ന യമന് ആശ്വാസമേകി സൗദി അറേബ്യ 130 കോടി റിയാലിന്റെ സാമ്പത്തിക സഹായം കൂടി പ്രഖ്യാപിച്ചു. യമൻ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനും ബജറ്റ് കമ്മി നികത്തുന്നതിനുമായാണ് ഈ തുക അനുവദിച്ചതെന്ന് സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ അറിയിച്ചു. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും പ്രത്യേക നിർദേശപ്രകാരമാണ് അടിയന്തര നടപടി.
യമനിലെ വികസനത്തിനും പുനർനിർമ്മാണത്തിനുമുള്ള സൗദി പ്രോഗ്രാം (SDRPY) വഴിയാണ് ഈ ധനസഹായം കൈമാറുന്നത്. രാജ്യത്തെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും സർക്കാർ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമാണ് സൗദി ഇതിലൂടെ ലക്ഷ്യമിടുന്നത്. ജനങ്ങൾക്ക് ലഭ്യമാകുന്ന അടിസ്ഥാന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും സാമ്പത്തിക ബാധ്യതകളിൽ നിന്ന് രാജ്യത്തെ കരകയറ്റുന്നതിനും ഈ ഇടപെടൽ വലിയ തുണയാകും.
സൗദി ഭരണകൂടത്തിന്റെ ഈ ഉദാരമായ നിലപാടിന് യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ തലവൻ ഡോ. റഷാദ് അൽഅലിമി നന്ദി രേഖപ്പെടുത്തി. യമൻ ജനതയോടുള്ള സൗദിയുടെ സാഹോദര്യപരമായ സമീപനത്തിന്റെ തെളിവാണ് ഈ പിന്തുണയെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഭാവിയിലേക്കുള്ള തന്ത്രപരമായ പങ്കാളിത്തത്തിനും ഈ സഹായം വലിയ കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുസ്ഥിര വികസനത്തിന്റെ പാതയിൽ യമനെ ചേർത്തുപിടിക്കാനുള്ള സൗദിയുടെ പ്രതിബദ്ധതയായി ഈ നടപടി വിലയിരുത്തപ്പെടുന്നു.
