ലോകത്തെ മികച്ച 15 വിമാനക്കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ച് ‘സൗദിയ’
ആഗോള വ്യോമയാന രംഗത്ത് അഭിമാനാർഹമായ നേട്ടവുമായി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസ് (സൗദിയ). അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ 'സ്കൈട്രാക്സി'ന്റെ 2026-ലെ ആഗോള റാങ്കിങ്ങിൽ ലോകത്തെ മികച്ച 15 വിമാനക്കമ്പനികളുടെ പട്ടികയിൽ സൗദിയ ഇടംപിടിച്ചു. ഇതിനുപുറമെ, പശ്ചിമേഷ്യൻ മേഖലയിലെ ഏറ്റവും മികച്ച ജീവനക്കാർക്കുള്ള പുരസ്കാരവും മികച്ച കാബിൻ ക്രൂവിനുള്ള പുരസ്കാരവും കമ്പനി സ്വന്തമാക്കി.
2024-ൽ 20-ാം സ്ഥാനത്തുണ്ടായിരുന്ന സൗദിയ, 2025-ൽ 17-ാം റാങ്കിലേക്കും നിലവിൽ 15-ാം റാങ്കിലേക്കും ഉയർന്നാണ് മികച്ച മുന്നേറ്റം കാഴ്ചവെച്ചത്. തുടർച്ചയായ രണ്ടാം വർഷമാണ് പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച ജീവനക്കാർക്കുള്ള പുരസ്കാരം സൗദിയ നിലനിർത്തുന്നത്. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനും ആഗോളതലത്തിൽ മത്സരക്ഷമത വർധിപ്പിക്കുന്നതിനുമായി സാങ്കേതികവിദ്യയിലും സേവനങ്ങളിലും നിക്ഷേപം ശക്തമാക്കുമെന്ന് സൗദിയ ഗ്രൂപ്പ് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ഉമർ വ്യക്തമാക്കി.
