ടൂറിസം വികസനത്തിനായി സൗദിയും ഫ്രാൻസും കൈകോർക്കുന്നു; തന്ത്രപ്രധാന കരാറിൽ ഒപ്പുവെച്ചു
ആഗോള ടൂറിസം രംഗത്ത് പുതിയ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് സൗദി അറേബ്യയും ഫ്രാൻസും തമ്മിൽ സഹകരണ കരാർ ഒപ്പുവെച്ചു. വിനോദസഞ്ചാര മേഖലയിലെ നിക്ഷേപം, അത്യാധുനിക സാങ്കേതികവിദ്യകളുടെ കൈമാറ്റം, സുസ്ഥിര വികസനം, സംയുക്ത വിപണന തന്ത്രങ്ങൾ എന്നിവ മുൻനിർത്തിയാണ് ഇരുരാജ്യങ്ങളും പുതിയ പങ്കാളിത്തത്തിന് തുടക്കമിട്ടിരിക്കുന്നത്. യുഎൻ ടൂറിസം എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ 126-ാമത് സമ്മേളനത്തിനിടെ സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബും ഫ്രഞ്ച് ടൂറിസം മന്ത്രി സെർജ് പാപിനും തമ്മിലാണ് ചരിത്രപരമായ ഈ കരാറിൽ ഒപ്പിട്ടത്.
ടൂറിസം രംഗത്തെ തൊഴിൽ വൈദഗ്ധ്യം വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടികൾക്ക് ഈ കരാറിലൂടെ തുടക്കമാകും. ഫ്രാൻസിലെ പ്രമുഖ ടെക് സ്റ്റാർട്ടപ്പുകളെ സൗദിയിലെ ടൂറിസം വിപണിയുമായി ബന്ധിപ്പിക്കാനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉൾപ്പെടെയുള്ള ഡിജിറ്റൽ സാധ്യതകൾ ഈ മേഖലയിൽ പ്രയോജനപ്പെടുത്താനും പുതിയ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. കൂടാതെ പ്രകൃതിവിഭവങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സുസ്ഥിര ടൂറിസം രീതികളും, വിനോദസഞ്ചാരികളുടെ ഒഴുക്ക് നിയന്ത്രിക്കാനുള്ള തന്ത്രങ്ങളും ഇരുരാജ്യങ്ങളും പരസ്പരം പങ്കുവെക്കും.
ലോകത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന ഫ്രാൻസിന്റെ നീണ്ടകാലത്തെ പരിചയസമ്പത്ത്, തങ്ങളുടെ ടൂറിസം സ്വപ്നങ്ങൾക്ക് വലിയ ഊർജ്ജമാകുമെന്നാണ് സൗദി അറേബ്യ കണക്കുകൂട്ടുന്നത്. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് വലിയ സംഭാവന നൽകാൻ ഈ പുതിയ ടൂറിസം സഖ്യത്തിന് സാധിക്കുമെന്നും യോഗത്തിൽ വിലയിരുത്തി.
