ഇന്ത്യ, ചൈന കാർഡ്ബോർഡ് ഇറക്കുമതിക്കെതിരെ നടപടിയുമായി സൗദി; അന്വേഷണം പ്രഖ്യാപിച്ചു
ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് സൗദി അറേബ്യയിലേക്ക് കുറഞ്ഞ വിലയ്ക്ക് കാർഡ്ബോർഡുകൾ തള്ളുന്നത് തടയാൻ സൗദി ഫോറിൻ ട്രേഡ് അതോറിറ്റി അന്വേഷണം ആരംഭിച്ചു. രാജ്യത്തെ പ്രാദേശിക വ്യവസായങ്ങളെയും ഉൽപ്പാദകരെയും വിപണിയിലെ അനാവശ്യ മത്സരങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
സാധനങ്ങൾ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന, ചതുരശ്ര മീറ്ററിന് 180 മുതൽ 500 ഗ്രാം വരെ ഭാരമുള്ള മൾട്ടി-ലെയർ പേപ്പർ കാർഡ്ബോർഡുകൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. വിദേശ ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ കടന്നുകയറ്റം മൂലം പ്രാദേശിക നിർമാതാക്കൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾക്ക് അനുസൃതമായാണ് അതോറിറ്റി നടപടിയുമായി മുന്നോട്ട് പോകുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഫോറിൻ ട്രേഡ് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ 'ട്രേഡ് റെമഡീസ് അന്വേഷണ പ്ലാറ്റ്‌ഫോം' വഴി ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
